മുംബൈ: ഹോളിവുഡ് ശൈലിയില്‍ ഹിന്ദി ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ സംവിധായകന്‍ ജഗ് മോഹന്‍ (62) മുന്ദ്ര അന്തരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണം.

പ്രവോക്ക്ഡ്, എപ്പാര്‍ട്ട്: റെന്റ് അറ്റ് യുവര്‍ ഓണ്‍ റിസ്‌ക്, ഷൂട്ട് ഓണ്‍ സൈറ്റ്, നൈറ്റ് എയ്‌സ്, ഐ വിറ്റ് നസ് ടു മര്‍ഡര്‍, ഓപ്പണ്‍ ഹൗസ്, ഹാലോവീന്‍ നൈറ്റ്, നോട്ടി അറ്റ് 40, ബവന്തര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ചിത്രങ്ങളാണ്. ഇതില്‍ ഭൂരിപക്ഷവും ഹോളിവുഡ് ചിത്രങ്ങളെ അടിസ്ഥാനമാക്കി എടുത്തവയാണ്.

കൊല്‍ക്കത്തയില്‍ ജനിച്ച അദ്ദേഹം നിരവധി ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു. പ്രവോക്ക്ഡ് അടക്കമുള്ള ചിത്രങ്ങള്‍ ഇന്ത്യന്‍ അഭിനേതാക്കളെ വെച്ച് ഇംഗ്ലീഷ് ഭാഷയിലാണ് ഒരുക്കിയത്. ഐശ്വര്യാറായ് ആയിരുന്നു ചിത്രത്തില്‍ മുഖ്യവേഷം അവതരിപ്പിച്ചത്.

ബോളിവുഡിലെ അഭിനയപ്രതിഭകളായ ഗോവിന്ദ, അനുപംഖേര്‍, അനില്‍ കപൂര്‍, ഇര്‍ഫാന്‍ ഖാന്‍, നസറുദീന്‍ ഷാ, ഓംപുരി, നന്ദിതാ ദാസ്, ഷബാനാ ആസ്മി തുടങ്ങിയവരെല്ലാം ജഗ് മോഹന്റെ ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.