തിരുവനന്തപുരം: ഫണ്ട് ദുരുപയോഗം ചെയ്യുന്ന തിയേറ്ററുടമകള്‍ക്കെതിരെ റവന്യൂ റിക്കവറി. പ്രേക്ഷകരില്‍ നിന്നും സര്‍വീസ് ചാര്‍ജിനത്തില്‍ പിരിച്ചെടുക്കുന്ന തുകയുടെ വിഹിതം കെ.എസ്.എഫ്.ഡി.സിയില്‍ ഒടുക്കാതെ സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്ന തിയേറ്ററുടമകള്‍ക്കെതിരെയാണ് റവന്യൂ റിക്കവറി നടപടികള്‍ക്ക് കെ.എസ്.എഫ്.ഡി.സി ഒരുങ്ങുന്നത്.

2004ല്‍ സിനിമാ ടിക്കറ്റൊന്നിന് രണ്ടുരൂപാ നിരക്കില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.  ഈ തുകയുടെ അനുപാതത്തില്‍ ഓരോ തിയേറ്ററും ഓരോ സാമ്പത്തിക വര്‍ഷവും ഒടുക്കേണ്ട തുക തിട്ടപ്പെടുത്തുകയും ചെയ്തു.  അതത് വര്‍ഷത്തെ വിഹിതം സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ (കെ.എസ്.എഫ്.ഡി.സി) ഒടുക്കിയാല്‍ മാത്രമേ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ അധികൃതര്‍ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നും ഈ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

2004-05 മുതല്‍ 2011-12 വര്‍ഷംവരെ സര്‍വീസ് ചാര്‍ജിനത്തില്‍ കുടിശിക വരുത്തിയ തിയേറ്റര്‍ ഉടമകളുടെ പേരില്‍ റവന്യൂ റിക്കവറി നടപടികള്‍ തിരുവനന്തപുരം ജില്ലയില്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.  ജില്ലയിലെ 29 തിയേറ്ററുകള്‍ക്കെതിരെ റിക്കവറി നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ജൂണ്‍ ആദ്യവാരം മറ്റു ജില്ലകളില്‍ കുടിശിക വരുത്തിയവരുടെ പേരില്‍ റവന്യൂ റിക്കവറി നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.