കൊച്ചി: പത്രവിതരണം തടസ്സപ്പെടുത്തി ഏജന്റുമാര്‍ നടത്തുന്ന സമരം കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് മലയാളത്തിലെ മിക്കപത്രമുതലാളിമാരും. ഏജന്റുമാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായി ചെറുകിട പത്രങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയിട്ടും പത്രമുത്തശ്ശിമാര്‍ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. സമരം പൊളിക്കാന്‍ വേണ്ടി അവര്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ്.

പത്രഏജന്റുമാരുടെ സമരം അറിയാനുള്ള സ്വാതന്ത്ര്യത്തെ തകര്‍ക്കലാണെന്ന തരത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെക്കൊണ്ട് പ്രസ്താവനയിറക്കിച്ചാണ് വന്‍പത്രങ്ങള്‍ ആദ്യം സമരക്കാരോട് എതിരിട്ടത്. എന്നാല്‍ സിനിമാ താരങ്ങളെ അണിനിരത്തി ജനങ്ങളെ ഏജന്റുമാര്‍ക്കെതിരാക്കുകയെന്ന തന്ത്രവുമായാണ് ഇപ്പോള്‍ പത്രമുതലാളിമാര്‍ രംഗത്തെത്തിയിരിക്കുന്നത്. മനോരമ പത്രമാണ് ഈ പുതിയ പരിപാടിക്ക് പിന്നില്‍.

കഴിഞ്ഞദിവസം കൊച്ചിയില്‍ കലൂര്‍ ബസ് സാറ്റാന്റില്‍ സിനിമാ താരങ്ങളെക്കൊണ്ട് പത്രം വിതരണം ചെയ്യിച്ചാണ് മനോരമ ഏജന്റുമാരോടുള്ള ദേഷ്യം തീര്‍ത്തത്. ലക്ഷ്മി ഗോപാലസ്വാമി, ബാബുരാജ്, ലെന, സീനത്ത്, കൃഷ്ണപ്രഭ, സംവിധായകന്‍ ഹരിനാരായണന്‍ എന്നിവരെയാണ് പത്രവിതരണത്തിന് ഏല്‍പ്പിച്ചത്. വെള്ളിത്തിരയിലെ താരങ്ങള്‍ പത്രക്കെട്ടുകളുമായി ബസിനുള്ളിലും കടകളിലുമൊക്കെ കയറിയിറങ്ങി.

ഈ വാര്‍ത്തയ്ക്ക് മനോരമ ന്യൂസ് ചാനലിലൂടെയും പത്രത്തിലൂടെയും വന്‍ കവറേജും നല്‍കി. പത്രവിതരണം നടത്തിയ താരങ്ങളെക്കൊണ്ട് സമരക്കാര്‍ക്കെതിരെ പ്രസ്താവനയിറക്കിക്കാനും മുതലാളിമാര്‍ മറന്നില്ല. പത്രവിതരണം തടസപ്പെടുത്തുന്നത് വായിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് താരങ്ങള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു.

ഇതിന് പുറമേ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിലെ യൂണിറ്റുകള്‍ വഴി പത്രവിതരണം ആരംഭിക്കുകയും ചെയ്തു. ചില്ലറ വില്‍പനയെ അപേക്ഷിച്ച് മൂന്നിരട്ടി വരെ കമ്മിഷന്‍ ഇനത്തില്‍ ലാഭം കിട്ടുന്ന പത്ര ഏജന്റുമാരുടെ സമരം അന്യായമാണെന്നും ഇത്രയും ലാഭം കിട്ടുന്ന പത്ര ഏജന്‍സി തുടങ്ങാന്‍ അംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഏറണാകുളം ജില്ലാ ഭാരവാഹികള്‍ പറഞ്ഞു.

ഏജന്റുമാര്‍ക്കെതിരെ നീങ്ങാന്‍ ക്രൈസ്തവ സഭകളുടെയും പിന്തുണ മുതലാളിമാര്‍ തേടിയിട്ടുണ്ട്. പത്രവിതരണം സ്തംഭിപ്പിച്ചുള്ള സമരം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് സിറോ മലബാര്‍ സഭാ അല്‍മായ കമ്മിഷന്‍ അഭിപ്രായപ്പെട്ടു. ഏജന്‍സികള്‍ പത്രസ്ഥാപനങ്ങളിലെ ജീവനക്കാര്‍ അല്ലെന്നിരിക്കെ അവകാശങ്ങളും ആനുകൂല്യങ്ങളും ഉന്നയിച്ചു സമരം നടത്തുന്നതില്‍ അര്‍ഥമില്ലെന്ന് അല്‍മായ കമ്മീഷന്‍ സെക്രട്ടറി വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.