munthiri


ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆

സംവിധാനം: ജിബു ജേക്കബ്
തിരക്കഥ: എം. സിന്ധുരാജ്
നിര്‍മാണം: സോഫിയാ പോള്‍
ഛായാഗ്രഹണം: പ്രമോദ് കെ. പിള്ള


പുലിമുരുകന് ശേഷം ഇറങ്ങുന്ന മോഹന്‍ലാല്‍ ചിത്രം, വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് വീണ്ടും സംവിധായകന്റെ കുപ്പായമണിയുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഒരുപാടായിരുന്നു. തുടര്‍വിജയങ്ങളിലൂടെ പോയവര്‍ഷം മോഹന്‍ലാല്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. അതും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിച്ചു.

കുടുംബ പശ്ചാത്തലത്തില്‍, നാം കാണാന്‍ ആഗ്രഹിക്കുന്ന മോഹന്‍ലാല്‍ മാനറിസങ്ങളുമായി മികച്ചൊരു ചിത്രമായിരിക്കും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന് ട്രെയിലറും ടീസറുകളും തോന്നിപ്പിക്കുകയും ചെയ്തു. എന്നാല്‍ തിയേറ്റര്‍ സമരത്തിന്റെ കാലാവധിയൊക്കെ കഴിഞ്ഞ് ചിത്രം തിയ്യറ്ററുകളിലെത്തിയപ്പോള്‍ പ്രതീക്ഷ കാക്കാന്‍ സാധിച്ചോ?

munthiri-1

ട്രെയിലറും ടീസറുകളും സൂചന നല്‍കിയത് പോലെ ഹാസ്യത്തില്‍ ചാലിച്ച മികച്ചൊരു കുടുംബചിത്രമായില്ല മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന് പറയാം. പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാന്റെ ജീവിതത്തിലൂടെയാണ് ചിത്രം നീങ്ങുന്നത്. വളരെ അയഞ്ഞ്, ആയാസത്തില്‍ രചിക്കപ്പെട്ടതാണ് ചിത്രത്തിന്റെ തിരക്കഥ.

ആദ്യപകുതിയില്‍ ഉലഹന്നാന്റെ കുടുംബവും കഥാ പശ്ചാത്തലവുമെല്ലാം ഹാസ്യരസത്തില്‍ പ്രേക്ഷകന് മുന്നില്‍ തുറന്ന് കാണിക്കുക എന്നതായിരുന്നു ജിബുവിന്റെ ലക്ഷ്യം. എന്നാല്‍ ഒട്ടും എന്റര്‍ടെയ്‌നിംഗ് ആവാതെ, തുടങ്ങിയടത്തു നിന്നും മുന്നോട്ട് സഞ്ചരിക്കാതെയാണ് ആദ്യ പകുതി കടന്നുപോയത്.

ഭാര്യയെ സ്‌നേഹിക്കാത്ത ഉലഹന്നാന്‍, ആരോടും ചിരിക്കാത്ത ഉലഹന്നാന്‍ ഒരു സുപ്രഭാതത്തില്‍ ഏതോ ഒരു സ്ത്രീയില്‍ അനുരക്തനാകുന്നതും പിന്നീട് ഭാര്യയോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞ് കൗമാരക്കാരനായ കാമുകനായി മാറുന്നതുമാണ് ആദ്യ പകുതി. എന്നാല്‍ ഒട്ടും സ്വീകാര്യയോഗ്യമല്ലാത്ത രംഗങ്ങളും സന്ദര്‍ഭങ്ങളും കല്ലുകടിയാകുന്നു.

തുടക്കത്തില്‍ വളരെ ഗൗരവ്വക്കാരനായ ഉലഹന്നാന്‍ ഇത്ര പെട്ടെന്നെങ്ങനെ റൊമാന്റിക് അഥവാ ‘പൈങ്കിളി’യായെന്ന് പ്രേക്ഷകന് ദഹിക്കാതെ പോകുന്നു. ഉലഹന്നാന്റെ സോ കോള്‍ഡ് കാമുകി എവിടെ നിന്ന് വന്നെന്നോ എങ്ങോട്ട് പോയെന്നോ വ്യക്തമല്ല.

ഗൗരവ്വക്കാരനായ ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ സ്‌നേഹത്തിനായി കൊതിക്കുന്ന, മറുത്ത് ഒരക്ഷരം മിണ്ടാന്‍ മടിക്കുന്ന ഭാര്യയേയും അവതരിപ്പിക്കുന്നിടത്ത് പലയിടത്തും ബിജു മേനോന്‍ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തോട് സാമ്യം തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. എന്നാല്‍ അനുരാഗ കരിക്കിന്‍ വെള്ളം കുറച്ചുകൂടി സ്വീകാര്യ യോഗ്യമായിരുന്നു. സ്വന്തം വീട്ടില്‍ പോകാന്‍ അനുവദിക്കാത്തപ്പോള്‍ അടുക്കളയിലിരുന്ന കരയുന്ന ഭാര്യ വെറുതെ ഒരു ഭാര്യയേയും ചെറുതായെങ്കിലും ഓര്‍മ്മിപ്പിക്കുന്നു.

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ‘നവപ്രണയം’ വിശ്വസിപ്പിക്കാന്‍ ഒന്നാം പകുതി തന്നെ ധാരാളമായിരുന്നു. എന്നാല്‍ ഇതിനു വേണ്ടി രണ്ടാം പകുതിയുടെ ഏറിയ ഭാഗവും ഉപയോഗിച്ചതോടെ വിരസവും കഥാഗതി ലക്ഷ്യബോധമില്ലാത്തതും ആയി മാറി. ഇത്തരം രംഗങ്ങളില്‍ മോഹന്‍ലാല്‍ എന്ന നടന്റെ മാനറിസങ്ങളാണ് അല്‍പ്പമെങ്കിലും രസകരമാക്കിയത്.

munthiri-3

കുടുംബമാണ് ഏറ്റവും ഉത്തമമായ ഇന്‍സ്റ്റിറ്റ്യൂട്ടെന്നും അതിനുള്ളിലെ സ്‌നേഹത്തിനും പരസ്പര ബന്ധത്തിനുമാണ് പ്രധാന്യം കൊടുക്കേണ്ടതെന്നുമുള്ള മലയാള സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ള ഉപദേശമാണ് ചിത്രം പറയാന്‍ ആഗ്രഹിക്കുന്നത്. അച്ഛന്റേയും അമ്മയുടേയും സ്‌നേഹവും സൗഹൃദവും കണ്ട് യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ആഴം മനസ്സിലാക്കുന്ന കൗമാരക്കാരി തിരിച്ചറിവല്ല പ്രേക്ഷകര്‍ക്ക് ആരോചകമാണ് ഉണ്ടാക്കുന്നത്. മലയാളിയുടെ കേവല സദാചാര ബോധത്തെ തൃപ്തിപ്പെടുത്തുന്നതാണ് പലയിടത്തും ചിത്രം.

ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂര്‍ത്തങ്ങളും കൂടിയേ തീരു എന്ന് വാശിപിടിക്കുന്നില്ല. ലളിതമായി, അല്‍പ്പം ക്ലീഷേ ആണെങ്കില്‍ കൂടി, കുടുംബ കഥ പറയാന്‍ കഴിയണം. എഡിറ്റിംഗ് ടേബിളില്‍ ഒന്നുകൂടി കത്രിക പ്രയോഗത്തിന് വിധേയമായാല്‍ ചിത്രത്തിന്റെ പകുതിയും വേണ്ടായെന്ന് വെക്കാം.

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും മീനയും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. എന്നാല്‍ മീനയ്ക്ക് ചിത്രത്തില്‍ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മറ്റ് കഥാപാത്രങ്ങളും കാര്യമായൊന്നും അവശേഷിപ്പിക്കുന്നില്ല. അനൂപ് മേനോനും മോഹന്‍ലാലും ഒരുമിച്ച് വരുന്ന രംഗങ്ങളില്‍ ലാല്‍ മാനറിസം കാണിക്കുന്നതില്‍ അനൂപ് മോഹന്‍ലാലിനേക്കാള്‍ മുമ്പിലായിരുന്നു. ഒരേസമയം രണ്ട് മോഹന്‍ലാലിനെ സ്‌ക്രീനില്‍ കണ്ടത് പോലെ. അലന്‍സിയറെന്ന അതുല്ല്യ നടനെയും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല.

munthiri-2

 

ചിത്രത്തിലെ ഗാനങ്ങളാകട്ടെ ഒട്ടും നിലവാരം പുലര്‍ത്തിയില്ല. കുട്ടനാടന്‍ കായല്‍ എന്നു തുടങ്ങുന്ന ഗാനം മാത്രമാണ് തമ്മില്‍ ഭേതം. പല പാട്ടുകളുടേയും ആവശ്യകതയെന്തായിരുന്നു എന്ന് ചോദിച്ചു പോകുന്നുത് സ്വാഭാവികം. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും തലയണ മന്ത്രത്തിലുമെല്ലാം കണ്ട ഹൗസിംഗ് കോളനികളെ പുനസൃഷ്ടിക്കാനും ചിത്രം ശ്രമിക്കുന്നു. കുടുംബകഥയ്ക്ക് ഇടയില്‍ ഉലഹന്നാന്റെ പഞ്ചായത്ത് ഓഫീസും അവിടുത്തെ അഴിമതിയുമെല്ലാം കുത്തിക്കേറ്റാനും ജിബു മറന്നില്ല. എന്നാല്‍ ആ സന്ദര്‍ഭങ്ങളെ പൂര്‍ണ്ണമായി ആവിഷ്‌കരിക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടിട്ടുണ്ട്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കേട്ടു മടുത്ത കണ്ട് തഴമ്പിച്ച ഒരു കുടുംബ പുരാണകഥ, സാരാംശത്തോട് കൂടിയത്, എങ്ങോട്ടാണ് പോകുന്നതെന്ന് യാതൊരു ബോധ്യവുമില്ലാതെ രണ്ടര മണിക്കൂര്‍ നീട്ടി വലിച്ച് എവിടെയോ കൊണ്ട് ചെന്ന് അവസാനിപ്പിച്ചിരിക്കുകയാണ്.. മോഹന്‍ലാല്‍ എന്ന നടനില്‍ മാത്രം ആശ്രയിച്ചപ്പോള്‍ ആ നടനുപോലും ചിത്രത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചിരപരിചിതമായൊരു ഉപദേശക്കഥയെ തുടക്കത്തിലെങ്കിലും ബോറടിക്കാതെ പറയാന്‍ കഴിഞ്ഞു എന്നു വേണമെങ്കില്‍ ജിബുവിന് ആശ്വസിക്കാം


Read more: ഇനി നോട്ടുകളിലും മോദി സ്വന്തം പടം വെക്കും: സച്ചിദാനന്ദന്‍; സംഘപരിവാറുകാര്‍ മരണത്തിന്റെ ആരാധകര്‍