എഡിറ്റര്‍
എഡിറ്റര്‍
ഇനി ആഴ്ച്ചയില്‍ ഒരു സിനിമ മാത്രം
എഡിറ്റര്‍
Tuesday 5th June 2012 12:00pm

മലയാള സിനിമയില്‍ റിലീസിംഗിന് നിയന്ത്രണം വരുന്നു. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയാണ് പുതിയ തീരുമാനത്തിന് പിന്നില്‍. ആഴ്ച്ചയില്‍ ഒരു സിനിമ മാത്രമേ റിലീസ് ചെയ്യാവൂ എന്നാണ് തീരുമാനം.

കഴിഞ്ഞ മാസം 28 ന് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്തസംഘടന കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് വിവാദമായേക്കാവുന്ന പുതിയ തീരുമാനമെടുത്തത്. ഈ മാസം 14 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.

ചെറിയ ചിത്രങ്ങള്‍ക്ക് മികച്ച ഇനീഷ്യല്‍ ലഭിക്കുന്നതിന് പുതിയ നിയമം സഹായകരമാകുമെന്ന് വിതരണക്കാരുടെയും നിര്‍മ്മാതാക്കളുടെയും സംയുക്തസംവിധാനമായ സെല്‍ഫ് റെഗുലേഷന്‍ കൗണ്‍സില്‍ അറിയിച്ചു. സിനിമകളുടെ മത്സര സ്വാഭാവം ഒഴിവാക്കി സാമ്പത്തിക നേട്ടമുണ്ടാക്കുക എന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.

വിശേഷാവസരങ്ങളില്‍ ആഴ്ച്ചയില്‍ മൂന്നു ചിത്രങ്ങള്‍ വരെ റിലീസ് ചെയ്യാമെന്നും ചട്ടത്തില്‍ പറയുന്നു. തീരുമാനം നടപ്പായാല്‍ മാസം അഞ്ചോ അഞ്ചില്‍ താഴെയോ റിലീസിങ് മാത്രമേ നടക്കുകയുള്ളൂ.

ഈ മാസം റിലീസിങ്ങിന് തയ്യാറായിരിക്കുന്ന പത്തോളം ചിത്രങ്ങളെയും ചിത്രീകരണം പുരോഗമിക്കുന്ന നൂറോളം സിനിമകളെയും തീരുമാനം പ്രതികൂലമായി ബാധിക്കും. റിലീസിങ് മുടങ്ങിക്കിടക്കുന്ന ചിത്രങ്ങളെയും ലോ ബജറ്റ് സിനിമകളെയും തീരുമാനം ദോശകരമായി ബാധിക്കുമെന്നും പരാതിയുണ്ട്. മലയാള സിനിമയ്്ക്ക് മാത്രമേ പുതിയ തീരുമാനം ബാധകമാകൂ എന്നത് അന്യഭാഷാ സിനിമകളുടെ വന്‍ കുത്തൊഴുക്കിനും കാരണമാകും.

മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു തീരുമാനം വിവാദമായേക്കാനുള്ള സാധ്യതയുമുണ്ട്.
ഏകദേശം മുപ്പത് കോടിയോളം രൂപ തിയേറ്ററില്‍ നിന്ന് ചെറുതും വലുതുമായ ചിത്രങ്ങള്‍ക്കെല്ലാം കൂടി ലഭിച്ചിരുന്നു.

Advertisement