നടി നിത്യാമേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ക്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. നിത്യയ്‌ക്കെതിരായ അസോസിയേഷന്റെ വിലക്ക് മറികടന്ന് നടിയെ അഭിനയിപ്പിച്ചതിന് നിര്‍മാതാക്കളില്‍ നിന്ന് വന്‍പിഴ ഈടാക്കിയാണ് ചിത്രം പുറത്തിറക്കാന്‍ അനുമതി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ അമല്‍നീരദിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടി, അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിനുള്ള തടസ്സം ഒഴിവായി. വിലക്ക് നിലനില്‍ക്കെയാണ് ഈ ചിത്രങ്ങളില്‍ നിത്യയെ അഭിനയിപ്പിച്ചത്. തുടര്‍ന്ന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഈ ചിത്രങ്ങള്‍ വിതരണം ചെയ്യുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

തത്സമയം ഒരു പെണ്‍കുട്ടിയെന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടി നിത്യാമേനോന് വിലക്കേര്‍പ്പെടുത്തിയത്. ഷൂട്ടിംഗിനിടെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളോട് സംസാരിക്കാന്‍ നിത്യ തയ്യാറാകാതിരുന്നതാണ് വിലക്കിന് കാരണം. വിലക്ക് മറികടന്ന് തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു.