കൊച്ചി: മലയാളസിനിമയില്‍ കോള്‍ഷീറ്റ് പ്രകാരമുള്ള പ്രവര്‍ത്തന സമയം പുനക്രമീകരിക്കണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ .നിലവിലുള്ള സമയക്രമം സാങ്കേതികപ്രവര്‍ത്തകര്‍ കൃത്യമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണിത്. ഇക്കാര്യത്തില്‍ സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ ഫെഡറേഷനായ ഫെഫ്കയുടെ തീരുമാനം വരുന്നതുവരെ നവംബര്‍ ഒന്നിന് ആരംഭിക്കാനിരുന്ന നിര്‍മാണം സ്തംഭിപ്പിക്കല്‍ സമരം മാറ്റിവയ്ക്കാനും നിര്‍മാതാക്കള്‍ തീരുമാനിച്ചു.

പുതിയ കോള്‍ഷീറ്റ് സമയ പുനക്രമീകരണത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമറിയിക്കാന്‍ നവംബര്‍ നാലുവരെ ഫെഫ്കയ്ക്ക് സമയം നല്‍കി. നാലിലെ തീരുമാനം അനുകൂലമല്ലെങ്കില്‍ നിര്‍മാണം നിര്‍ത്തിവയ്ക്കല്‍ സമരം ആരംഭിക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ പറഞ്ഞു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയും, രാവിലെ ആറുമുതല്‍ രാത്രി 10 വരെയുമാണ് നിലവിലെ കോള്‍ഷീറ്റ് പ്രകാരമുള്ള പ്രവര്‍ത്തനസമയം.

ഇതില്‍ രാവിലെ ജോലി ആരംഭിക്കാനുള്ള സമയം ആറെന്നത് ഏഴെന്നോ ഒമ്പതെന്നോ മാറ്റണമെന്നാണ് പ്രൊഡ്യൂസര്‍മാരുടെ ഡിമാന്‍ഡ്. സമയം പുനക്രമീകരിക്കുമ്പോള്‍ കോള്‍ഷീറ്റ് കൃത്യമായി പാലിക്കപ്പെടണം. നിലവില്‍ രാവിലെ ആറെന്നു കണക്കാക്കിയാണ് കൂലി നല്‍കുന്നതെങ്കിലും ജോലി സമയത്ത് തുടങ്ങാനാകുന്നില്ല. ഇതുമൂലം നിര്‍മാതാക്കള്‍ക്ക് വലിയ സാമ്പത്തികനഷ്ടം ഉണ്ടാകുന്നു. സമയം പുനക്രമീകരിക്കുന്നതോടെ വലിയ മാറ്റമുണ്ടാകുമെന്നും സിയാദ് കോക്കര്‍ പറഞ്ഞു. ന

ിര്‍മാതാക്കളുടെ ആവശ്യം ഫെഡറേഷനിലെ ബന്ധപ്പെട്ട യൂണിയനുമായും ജനറല്‍ കൗണ്‍സിലിലും ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തൊഴിലാളികളുടെ ബാറ്റ പ്രശ്‌നത്തിലാണ് ഫെഫ്കയുമായുള്ള നിര്‍മാതാക്കളുടെ തര്‍ക്കം ആരംഭിച്ചത്. എന്നാല്‍ അധികജോലിക്ക് ബാറ്റ നല്‍കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അതിന് സന്നദ്ധതയുള്ളവര്‍ അധികജോലി ചെയ്യിച്ചാല്‍ മതിയെന്നും ഫെഫ്ക പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് നിര്‍മാതാക്കള്‍ തങ്ങളുടെ ആവശ്യം കോള്‍ഷീറ്റ് സമയപുനക്രമീകരണം എന്ന മട്ടില്‍ മാറ്റി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
malayalam news