എഡിറ്റര്‍
എഡിറ്റര്‍
നക്കീരന്‍ എഡിറ്ററുടെ അനുമതിയ്ക്കുശേഷം വീരപ്പന്‍ ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്ന് കോടതി
എഡിറ്റര്‍
Tuesday 17th April 2012 2:12pm

ചെന്നൈ: തമിഴ് ദൈ്വവാരിക നക്കീരന്റെ എഡിറ്റര്‍ ഗോപാലന്റെ അനുമതി ലഭിച്ചശേഷം മാത്രമേ വീരപ്പനെക്കുറിച്ചുള്ള സിനിമ പ്രദര്‍ശിപ്പിക്കാവൂവെന്ന് കോടതി. വീരപ്പന്റെ ജീവിത കഥയെ അടിസ്ഥാനമാക്കി വനയുഗം എന്ന പേരില്‍ തമിഴിലും അട്ടഗാസം എന്ന പേരില്‍ കന്നഡയിലും പുറത്തിറങ്ങുന്ന ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

നക്കീരന്‍ ഗോപാലന്‍ നല്‍കിയ പരാതിയില്‍ ചെന്നൈ സിറ്റി സിവില്‍ കോടതി അസിസ്റ്റന്റ് ജഡ്ജിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രില്‍ 17 വരെയുള്ള ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫിലിംമേക്കറും നിര്‍മാതാവുമായ എ.എം.ആര്‍ രമേഷും മറ്റ് രണ്ട് നിര്‍മാതാക്കളും ചേര്‍ന്നാണ് വീരപ്പനെക്കുറിച്ചുള്ള ചിത്രം പുറത്തിറക്കുന്നത്. മെയ് ആദ്യവാരം ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അഞ്ച് പ്രാവശ്യം വീരപ്പനുമായി വനത്തില്‍ കൂടിക്കാഴ്ച നടത്തിയ തന്റെ റോള്‍ പറയാതെ വീരപ്പന്റെ വനജീവിതത്തെക്കുറിച്ചുള്ള ചിത്രം പുറത്തിറക്കുന്നത് നീതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നക്കീരന്‍ കോടതിയെ സമീപിച്ചത്.  താന്‍ നടത്തിയ ചര്‍ച്ചയാണ് ചലച്ചിത്ര നടന്‍ രാജ്കുമാറിന്റെ മോചനത്തിന് വഴിവെച്ചത്. വീരപ്പന്‍ ഒളിച്ചുതാമസിച്ചിരുന്ന ചന്ദനക്കാടുകളില്‍ അഞ്ച് തവണ താന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടുണ്ടെന്നും ഗോപാലന്‍ വ്യക്തമാക്കി.

വീരപ്പന്റെ ജീവിതത്തില്‍ താന്‍ അവതരിപ്പിച്ച ദൂതന്‍ എന്ന റോളിനെക്കുറിച്ച് ഒരു കാര്യവും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ തന്നോട് അന്വേഷിച്ചില്ലെന്ന് ഗോപാലന്‍ കുറ്റപ്പെടുത്തുന്നു. കൂടാതെ ഈ സിനിമയില്‍ തന്നെ ഇമേജിനെ അപകീര്‍ത്തിപ്പെടുത്തുന്നുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്നും ഗോപാലന്‍ പറഞ്ഞു.

Advertisement