എഡിറ്റര്‍
എഡിറ്റര്‍
കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ‘വസന്തത്തിന്റെ കനല്‍വഴികളില്‍’, കൃഷ്ണപിള്ളയായി സമുദ്രക്കനിയെത്തുന്നു
എഡിറ്റര്‍
Wednesday 5th September 2012 11:46am

തിരുവനന്തപുരം: കേരളത്തിലെ വിപ്ലവ പോരാട്ടങ്ങള്‍ പശ്ചാത്തലമാക്കി ഒരു മലയാള ചലച്ചിത്രം ഒരുങ്ങുന്നു. ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തില്‍ നവോത്ഥാന പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെയും ചരിത്രപശ്ചാത്തലത്തില്‍കൂടി കടന്നുചെന്നാണ് കഥ പറയുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരും അസംഘടിതരുമായ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളുടെയും സംഘടിപ്പിച്ച് പോരാട്ട ഭൂമിയിലേക്ക് നയിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാരംഭകാല പ്രവര്‍ത്തനങ്ങളാണ് ‘വസന്തത്തിന്റെ കനല്‍വഴികളില്‍’ കൈകാര്യം ചെയ്യുന്നത്.

Ads By Google

വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അനില്‍ വി. നാഗേന്ദ്രനാണ് നിര്‍വഹിക്കുന്നത്.

പ്രധാനമായും പാലക്കാട്, കൊല്ലം ജില്ലകളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്. വര്‍ഷങ്ങളുടെ തയ്യാറെടുപ്പില്‍ രൂപപ്പെടുന്ന ചിത്രത്തില്‍ ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയരായ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അണിനിരക്കും.

ചലച്ചിത്രനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനകര്‍മം സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അനില്‍ വി.നാഗേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30ന് എ.കെ.ജി. ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

നടനും സംവിധായകനുമായ സമുദ്രക്കനിയാണ് പി. കൃഷ്ണപിള്ളയായി വേഷമിടുന്നത്. തമിഴ് താരം ഇളവരശന്‍, എ.കെ.ജിയായും സുധീഷ് ഇ.എം.എസായും എത്തും. നാസര്‍ പുതുമുഖതാരം റിതേഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി, പ്രഭാവര്‍മ്മ, വി.എന്‍. അനില്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് എം.കെ അര്‍ജുനന്‍, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ്, എ.ആര്‍ റഹ്മാന്റെ സഹോദരി എ.ആര്‍ റെയ്ഹാന, ജയിംസ് വസന്തന്‍, സി.ജെ കുട്ടപ്പന്‍ എന്നിവര്‍ സംഗീതം പകരുന്നു.

വിശാരദ് ക്രിയേഷന്‍സിന്റെ ബാനറില്‍ കൈരളി ടി.വിക്ക് വേണ്ടി സംപ്രേഷണം ചെയ്ത വസന്തത്തിന്റെ കനല്‍വഴികളില്‍ എന്ന പരമ്പരയ്ക്ക് ലഭിച്ച ജനപ്രീതിയും അംഗീകാരവുമാണ് അതേപേരില്‍ ചലച്ചിത്രം നിര്‍മിക്കാന്‍ പ്രചോദനമായതെന്ന് അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement