anurag-kasyapമുംബൈ: ആഡംബരങ്ങള്‍ക്ക് വേണ്ടി പണമെറിഞ്ഞ് ബോളിവുഡ് പണം നഷ്ടപ്പെടുത്തുകയാണെന്ന് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്.

‘സിനിമാ വ്യവസായം പണം ഒരുപാട് നഷ്ടപ്പെടുത്തുന്നുണ്ട്. ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ അവര്‍ ചിലവാക്കുകയാണ് ചെയ്യുന്നത്. സിനിമ നിര്‍മ്മിക്കുന്ന സമയത്ത് ചില പൊങ്ങച്ചങ്ങള്‍ക്കുവേണ്ടി പണം വാരിയെറിയുകയാണ് ചെയ്യുന്നത്. പിന്നീട് ബോക്‌സ് ഓഫീലെത്തുമ്പോള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാന്‍ കഴിയാതെ തളരുകയും ചെയ്യും’- അനുരാഗ് പറയുന്നു.

‘ഞാനും നിര്‍മ്മാതാവാണ്. നല്ല സിനിമകള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ പണം വാരിയെറിഞ്ഞല്ല സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. എങ്ങനെയാണ് ചിലവ് ചുരുക്കി പടം നിര്‍മ്മിക്കുക എന്നത് എനിക്ക് നന്നായി അറിയാം. ആദ്യമായി നിര്‍മ്മാണ രംഗത്ത് പ്രവേശിക്കുന്നവര്‍ മനസിലാക്കേണ്ടുതും ഇതാണ്.’

‘ബജറ്റ് ചെറുതായൊന്ന് ചുരുക്കിയാല്‍ ബോക്‌സ് ഓഫിസിലും ലാഭം നേടാം. മിക്ക നിര്‍മ്മാതാക്കളും ജീവിതച്ചിലവിന് വേണ്ടി വന്‍തോതില്‍ പണമെറിയുന്നത് കണ്ടിട്ടുണ്ട്. ഫസ്റ്റ് ക്ലാസില്‍ മാത്രമേ യാത്രചെയ്യൂ, നടീനടന്‍മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും തങ്ങാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, ഇതെല്ലാം അനാവശ്യമായ ചിലവാണ്. കിടക്കാന്‍ ഒരു നല്ല ബെഡും അത്യാവശ്യം സൗകര്യങ്ങളും മാത്രമേ ആവശ്യമുള്ളൂ. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവാക്കാന്‍ എനിക്ക് മടിയാണ്. ‘

ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച ലഗാന്‍, ഉഡാന്‍ തുടങ്ങിയ ചിത്രങ്ങളുടെ കോ-പ്രോഡ്യൂസറായിരുന്നു അനുരാഗ് കശ്യപ്. ഇതിനു പുറമേ ‘ബ്ലാക്ക് ഫ്രൈഡേ’, ‘നോ സ്‌മോക്കിംങ്’, ‘ദേവ്‌ ഡി’, ‘ഗുലായി’ തുടങ്ങിയ ചിത്രങ്ങള്‍ ചുരുങ്ങിയ ചിലവില്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ ‘ഷൈതാന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ തിരക്കിലാണ് അനുരാഗ്. രാജീവ് ഖാന്‍ഡെല്‍വാലിനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജൂണ്‍ 10നാണ് ചിത്രം റിലീസ് ചെയ്യുക. അനുരാഗിന്റെ ഭാര്യയായ കല്‍ക്കി കൊച്ച്‌ലിനാണ് ചിത്രത്തില്‍ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.