തിരുവനന്തപുരം: ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുത്ത ചിത്രത്തെചൊല്ലി വിവാദം. മലയാള സിനിമാ ഇന്ന് എന്ന വിഭാത്തില്‍ ഉള്‍പ്പെടുത്തിയ ‘ചിത്രസൂത്രം’ എന്ന ചിത്രത്തെ ചൊല്ലിയാണ് വിവാദം. കഴിഞ്ഞവര്‍ഷത്തെ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ‘പുകക്കണ്ണാടി’ എന്ന ചിത്രം പേരുമാറ്റി ‘ചിത്രസൂതം’ എന്ന പേരിലാക്കിയതെന്നാണ് പരാതി. ഇതിനെതിരെ കടുത്ത പ്രതിഷേധവുമായി ചില സംവിധായകര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡിസംബറില്‍ നടക്കുന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റ് ഒക്ടോബറില്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഏഴുസിനിമകളാണ് മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഉണ്ടായിരുന്നത്. ആ സമയത്ത് ഇക്കൂട്ടത്തില്‍ ‘ചിത്രസൂത്രം’ ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോളിത് ഉള്‍പ്പെടുത്തിയതിന് കടുത്ത സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്നാണ് പറയുന്നത്. ആരോപണം ഉയരുന്നത് സാസ്‌കാരിക വകുപ്പിനുനേരെയും ചലച്ചിത്ര അക്കാദമിയിലെ പ്രമുഖര്‍ക്ക് നേരേയുമാണ്. സംവിധായകര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷത്തെ ജൂറിയുടെ പരിഗണനയില്‍ പുകക്കണ്ണാടിയുണ്ടായിരുന്നു. എന്നാല്‍ പി.ടി. കുഞ്ഞുമുഹമ്മദിന്റ നേതൃത്വത്തിലുള്ള ജൂറിയില്‍ പുകക്കണ്ണാടി ഒഴിവാക്കുകയായിരുന്നു. ഇത്തവണ ചലച്ചിത്ര അക്കാദമി സെക്രട്ടറി ചിത്രസൂത്രം പുകക്കണ്ണാടി തന്നെയാണെന്ന് ശ്രദ്ധയില്‍പെടുത്തിയിരുന്നു . തുടര്‍ന്ന് ചിത്രങ്ങളുടെ ഗ്രൂപ്പില്‍ നിന്നും ഇത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഈ ചിത്രം വീണ്ടും ഉള്‍പ്പെട്ടതിനു പിന്നില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം.