Categories

ഇന്നസെന്റ് മികച്ച നടന്‍ , കനിഹ നടി

തിരുവനന്തപുരം: 2009ലെ മികച്ച ചിത്രത്തിനുള്ള അറ്റ്‌ലസ്-ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് പഴശ്ശിരാജ, ഇവിടം സ്വര്‍ഗമാണ് എന്നീ ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച സിനിമയാണ് കേരളവര്‍മ്മ പഴശ്ശിരാജ. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയാണ് ഇവിടം സ്വര്‍ഗമാണ്.

ഹരിഹരന്‍ ആണ് മികച്ച സംവിധായകന്‍. മികച്ച ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് അന്‍പതിനായിരം രൂപ വീതവും മികച്ച സംവിധായകന് 25,000 രൂപയും ലഭിക്കും. വര്‍ണ്ണചിത്ര ബിഗ്‌സ്‌ക്രീന്‍, എ വി എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍, എ വി അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം-ഒരു പാതിരാ കൊലപാതകത്തിന്റെ കഥയാണ് മികച്ച രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവിന് 25,000 രൂപയും സംവിധായകന് ശില്‍പവും പ്രശസ്തിപത്രവും ലഭിക്കും. ഇന്നസെന്റാണ് മികച്ച നടന്‍ (ചിത്രം: പത്താം നിലയിലെ തീവണ്ടി) മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത് കനിഹയാണ് (ചിത്രം: ഭാഗ്യദേവത). ഇരുവര്‍ക്കും 25,000 രൂപ വീതം ലഭിക്കും.

മലയാള ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനകളെ മാനിച്ച് ജഗതി ശ്രീകുമാറിന് ചലച്ചിത്ര രത്‌നം ബഹുമതി നല്‍കും. 30,000 രൂപയും ഫലകവുമാണ് പുരസ്‌കാരം. അസോസിയേഷന്‍ പ്രഖ്യാപിച്ച മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ നടന്‍ പശുപതി (ചിത്രം: വൈരം), മികച്ച രണ്ടാമത്തെ നടി ശ്വേത മേനോന്‍ (ചിത്രം: മധ്യവേനല്‍, പാലേരി മാണിക്യം), മികച്ച ബാലതാരം: ബേബി നിവേദിത (ചിത്രം: ഭ്രമരം), മികച്ച കഥാകൃത്ത്: ചെറിയാന്‍ കല്‍പകവാടി (ചിത്രം: ഭാര്യ സ്വന്തം സുഹൃത്ത്), മികച്ച തിരക്കഥാകൃത്ത്: ജെയിംസ് ആല്‍ബര്‍ട്ട് (ചിത്രം: ഇവിടം സ്വര്‍ഗമാണ്) മികച്ച ഗാനരചയിതാവ്: ഷിബു ചക്രവര്‍ത്തി (ചിത്രം: പത്താംനിലയിലെ തീവണ്ടി), മികച്ച സംഗീതസംവിധായകന്‍: ശ്രീനിവാസ് (ചിത്രം: സീതാ കല്യാണം), മികച്ച പിന്നണി ഗായകന്‍: മധു ബാലകൃഷ്ണന്‍ (ചിത്രം: പത്താം നിലയിലെ തീവണ്ടി) മികച്ച പിന്നണി ഗായിക: ജ്യോത്സന(ചിത്രം: നയനം), മികച്ച ഛായാഗ്രാഹകന്‍: കെ രാമചന്ദ്രബാബു (ചിത്രം: കടാക്ഷം), മികച്ച ചിത്രസംയോജകന്‍: വിജയ് ശങ്കര്‍ (ചിത്രം: പാലേരി മാണിക്യം), മികച്ച ശബ്ദമിശ്രണം: അജിത് ജോര്‍ജ് (ചിത്രം: ഋതു), മികച്ച കലാസംവിധായകന്‍: സിറില്‍ കുരുവിള (ചിത്രം: ഇവിടം സ്വര്‍ഗമാണ്), മികച്ച നൃത്തസംവിധായകന്‍: ശാന്തി കുമാര്‍ (ചിത്രം: ബനാറസ്), മികച്ച ചമയം: റോഷന്‍ (ചിത്രം: പഴശിരാജ).

മികച്ച വസ്ത്രാലങ്കാരം: നടരാജന്‍, സായി (ചിത്രം: മധ്യവേനല്‍), മികച്ച ലാബോട്ടറി: ജമിനി കളര്‍ലാബ് (ചിത്രം: ലൗഡ് സ്പീക്കര്‍) മികച്ച ഹ്രസ്വചിത്രം: കേള്‍ക്കുന്നുണ്ടോ (സംവിധായകന്‍: ഗീതുമോഹന്‍ദാസ്), ജനപ്രിയചിത്രങ്ങള്‍: നീലത്താമര, പാസഞ്ചര്‍, നവാഗതപ്രതിഭകള്‍: റീമാകല്ലുങ്കല്‍ (ചിത്രം: ഋതു), അര്‍ച്ചനാ കവി (ചിത്രം: നീലത്താമര), നവാഗത സംവിധായകന്‍: റോയി (ചിത്രം: കന്മഴ പെയ്യുമ്പോള്‍), സന്തോഷ് (ചിത്രം: നിഴല്‍), മികച്ച ചലച്ചിത്രഗ്രന്ഥം: ശൃംഗാരക്കറയുള്ള സരസ്വതി (കെ പി സദാനന്ദന്‍) മികച്ച ലേഖകനുള്ള പി കെ പിള്ള അവാര്‍ഡ്: രാജേഷ് എം ആര്‍, ആദ്യകാല ചലച്ചിത്ര പത്രപ്രവര്‍ത്തകനുള്ള സി കെ സോമന്‍ അവാര്‍ഡ്: മധു വയ്പന. ചലച്ചിത്രരംഗത്തെ വിവിധമേഖലകളില്‍ നല്‍കിയ സംഭാവനകളെ മാനിച്ച് സര്‍വ്വശ്രീ രാഘവന്‍ (നടന്‍), വേണു നാഗവള്ളി (സംവിധായകന്‍), സുജാതാമോഹന്‍(ഗായിക) എന്നിവരെ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നല്‍കി ആദരിക്കും.

മധ്യവേനല്‍, തൂവര്‍ക്കാറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മനോജ് കെ ജയനും, സംവിധാനത്തില്‍ പ്രകടിപ്പിച്ച മികവിന് അന്‍വര്‍ റഷീദും (ബ്രിഡ്ജ്-കേരളാ കഫേ), സാമൂഹ്യപ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ എന്ന നിലയില്‍ എം എ നിഷാദ് സംവിധാനം ചെയ്ത വൈരവും, മധു കൈതപ്രം സംവിധാനം ചെയ്ത മധ്യവേനലും പുരസ്‌കാരങ്ങള്‍ നേടി. മികച്ച രണ്ടാമത്തെ നടന്‍, രണ്ടാമത്തെ നടി, സംഗീതസംവിധായകന്‍ എന്നിവര്‍ക്കും ചലച്ചിത്ര പ്രതിഭകള്‍ക്കും 10,000 രൂപ വീതവും ലഭിക്കും.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ എം എം രാമചന്ദ്രന്‍, അസോസിയേഷന്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി മണ്ണാറക്കയം ബേബി എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.