തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ജീവിതം സിനിമയാക്കുന്നതിന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ അനുകൂലമല്ലെന്ന് റിപ്പോര്‍ട്ട്. രജനിയുടെ മകളും സംവിധായകയുമായ സൗന്ദര്യയാണ് ഒരു മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തരമൊരു സംരംഭത്തെ കുറിച്ച് തങ്ങളെ ആരും അറിയിച്ചിട്ടില്ലെന്നും ഇതിനെ കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്താതെ അംഗീകരിക്കാനാകില്ലെന്നുമാണ് സൗന്ദര്യ പറഞ്ഞത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് അതുലുമായും ചിത്രത്തിന്റെ സംവിധായകന്‍ ലോയ്ഡുമായും സംസാരിക്കുന്നതില്‍ വിരോധമില്ലെന്നും സൗന്ദര്യ പറഞ്ഞു.

എന്നാല്‍ രജനീകാന്തിന് തങ്ങള്‍ ചിത്രത്തിന്റെ തിരക്കഥ കൈമാറിക്കഴിഞ്ഞെന്നും അദ്ദേഹം അത് വായിക്കുകയാണെന്നാണ് തങ്ങളെ അറിയിച്ചതെന്നും സംവിധായകന്‍ ലോയ്ഡ് പറഞ്ഞു. ചിത്രത്തിലേയ്ക്ക് ഒരു ഓസ്‌കാര്‍ ജേതാവായ ബോളിവുഡ് നടനെ ക്ഷണിച്ചു കഴിഞ്ഞുവെന്നും ലോയ്ഡ് വ്യക്തമാക്കി.

എന്നാല്‍ രജനീകാന്തിന്റെ കുടുംബത്തിന് രജനിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു ചിത്രം നിര്‍മ്മിക്കാനുള്ള പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് ഈ ചിത്രത്തെ കുടുംബാംഗങ്ങള്‍ എതിര്‍ക്കുന്നതെന്ന പ്രചാരണവും ശക്തമാണ്.