എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം: ചലച്ചിത്ര പ്രവര്‍ത്തകരല്ലാത്തവരെ ജൂറിയാക്കില്ല
എഡിറ്റര്‍
Friday 25th May 2012 10:24am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ ജൂറിയില്‍ നിന്നും സിനിമാരംഗവുമായി ബന്ധമില്ലാത്തവരെ ഒഴിവാക്കാന്‍ തീരുമാനം. അവാര്‍ഡ് നിരസിക്കുന്നവരെ ഇനി മുതല്‍ പരിഗണിക്കില്ല. കൂടാതെ അവാര്‍ഡ് തുക വര്‍ദ്ധിപ്പിക്കേണ്ടതില്ലെന്നും തീരുമാനമായി.

കഴിഞ്ഞ തവണ സംസ്ഥാന അവാര്‍ഡ് ലഭിച്ച സംവിധായകന്‍ രജ്ഞിത്ത് മുല്ലപ്പെരിയാര്‍ വിഷയം ചൂണ്ടിക്കാട്ടി പുരസ്‌കാരം നിരസിച്ചത് സിനിമാമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇനിമുതല്‍ ഇത്തരം സംഭവങ്ങള്‍ അനുവദിക്കില്ലെന്നു മന്ത്രി കെ.ബി ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതാണ് അവാര്‍ഡ് നിരസിക്കുന്നവരെ ഇനി മുതല്‍ പുരസ്‌ക്കാരത്തിന് പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍. മൂന്ന് മാസമാണ് അവാര്‍ഡ് വാങ്ങാനുള്ള കാലാവധി. അതിനുള്ളില്‍ അവാര്‍ഡ് കൈപ്പറ്റിയില്ലെങ്കില്‍ നിരസ്സിച്ചതായി കണക്കാക്കും.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അടിമുടി മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അവാര്‍ഡ് നിര്‍ണയം നടത്തുന്ന എട്ടംഗ ജൂറിയില്‍ സിനിമാസംവിധായകര്‍ക്കു പുറമേ സാംസ്‌ക്കാരിക നായകര്‍ക്കു പുറമേ സാംസ്ക്കാരിക നായകര്‍, മാധ്യമപ്രവര്‍ത്തകര്‍, ആസ്വാദകര്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലയില്‍ നിന്നുള്ള പ്രമുഖരേയും ഉള്‍പ്പെടുത്തിയിരുന്നു.

ഇനിമുതല്‍ ചലച്ചിത്ര രംഗത്തുള്ളവര്‍ മാത്രമാവും ജൂറിയിലുണ്ടാവുക. സിനിമാതിരക്കഥാകൃത്തോ ഗാനരചയിതാവോ ആയ ഒരു എഴുത്തുകാരനേയും ജൂറിയില്‍ ഉള്‍പ്പെടുത്തും. ഇനിമുതല്‍ സെന്‍സര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങള്‍ മാത്രമേ അവാര്‍ഡിന് പരിഗണിക്കു.

കോപ്പി റൈറ്റ് ആക്ട് ലംഘിച്ചതും സെന്‍സര്‍ ചെയ്ത ശേഷം രണ്ടാമതും എഡിറ്റ് ചെയ്തതുമായ ചിത്രങ്ങളും പരിഗണിക്കില്ല. ആരോപണങ്ങള്‍ ഒഴിവാക്കാന്‍ ഇനിമുതല്‍ ജൂറിയംഗങ്ങളുടെ ബന്ധുക്കള്‍ ചെയ്ത ചിത്രങ്ങള്‍ അവാര്‍ഡ് നിര്‍ണയത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് അംഗങ്ങള്‍ തന്നെ എഴുതി നല്‍കണം.

Advertisement