ആലുവ: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ജാമ്യം ലഭിച്ച ദിലീപ് വീട്ടിലെത്തുന്നതും കാത്ത് ചലച്ചിത്ര താരം സിദ്ദിഖും സംവിധായകന്‍ അരുണ്‍ ഗോപിയും. ജാമ്യവാര്‍ത്ത പുറത്ത് വന്നതോടെയാണ് സിനിമാ പ്രവര്‍ത്തകര്‍ ദിലീപിനെ സ്വീകരിക്കാന്‍ വീട്ടിലെത്തിയത്.


Also Read: വീണ്ടും രാഹുലിന്റെ ട്വീറ്റ്; ഇത്തവണ യോഗം യോഗിക്ക്; യോഗി ഒന്നിനും കൊള്ളാത്ത ഭരണാധികാരിയെന്ന് രാഹുല്‍


നേരത്തെ ജാമ്യവാര്‍ത്തയറിഞ്ഞയുടന്‍ ജയില്‍ പരിസരത്ത് ദിലീപിന്റെ ആരാധകരും എത്തിയിരുന്നു. റിലീസിങ് നടപടി പൂര്‍ത്തിയായതോടെ പുറത്തിറങ്ങിയ ദിലീപ് സഹോദരന്‍ അനൂപിനൊപ്പം കൂടുംബവീട്ടിലേക്കാണ് പോയത്. ഇവിടെയായിരുന്നു സിനിമാതാരം സിദ്ദിഖും, ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ‘രാമലീല’യുടെ സംവിധായകന്‍ അരുണ്‍ ഗോപിയും ഉണ്ടായിരുന്നത്.

ഉച്ചയ്ക്കായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. കോടതി ഉത്തരവ് ജയിലിലെത്തിയതിന് പിന്നാലെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ദിലീപിന്റെ സഹോദരന്‍ അനൂപായിരുന്നു അങ്കമാലി മജിസ്‌ട്രേട്ടിന്റെ ഉത്തരവ് ജയിലിലെത്തിച്ചത്. ദിലീപിന്റെ അഭിഭാഷകനും സഹോദരനൊപ്പമുണ്ടായിരുന്നു.


Dont Miss: അഭിമുഖത്തിന് പിന്നാലെ ഗുര്‍മീത് റാം റഹിമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തു


പറവൂര്‍ കവലയിലെ വീട്ടിലേക്കാണ് ഇവിടെ നിന്നും ഇവര്‍ എത്തിയത്. ജയിലിനു പുറത്ത് കാത്തിരുന്ന ആരാധകരെ കൈവീശി അഭിവാദ്യം ചെയ്താണ് ദിലീപ് പുറത്തിറങ്ങിയത്. വീട്ടിലും നിരവധിയാളുകള്‍ ദിലീപിനെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കൊച്ചിയില്‍ യുവ നടിയെ അക്രമിക്കാന്‍ ക്വേഷന്‍ നല്‍കിയ കുറ്റത്തിനായിരുന്നു പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

നേരത്തെ നാലു തവണ ജാമ്യം നിഷേധിച്ച കോടതി അഞ്ചാം തവണയും ജാമ്യാപേക്ഷയുമായെത്തിയപ്പോഴാണ് ജാമ്യം അനുവദിച്ചത്.