തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും വിവാദങ്ങളെ തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്ന ആദിമധ്യാന്തം മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ചലച്ചിത്ര അക്കാദമി. ചിത്രത്തിന്റെ സംവിധായകന്‍ ഷെറി സാംസ്‌കാരികമന്ത്രി ഗണേഷ്‌കുമാര്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ‘ആദിമധ്യാന്തം’. എന്നാല്‍ ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി മേളയില്‍ നിന്നും ചിത്രം ഒഴിവാക്കുന്നതായി അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ മത്സരവിഭാഗത്തില്‍ നിന്നും ആദിമധ്യാന്തം ഒഴിവാക്കിയത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സാംസ്‌കാരികമന്ത്രി ചിത്രത്തിന്റെ സംവിധായകനെ ചര്‍ച്ചയ്ക്കു വിളിച്ചത്.

ചിത്രം ഏത് വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. അതേസമയം, ചിത്രം പ്രദര്‍ശിപ്പിക്കാമെന്ന് അക്കാദമി പറഞ്ഞതല്ലാതെ പ്രദര്‍ശിപ്പിക്കണമോ എന്ന കാര്യം തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് സംവിധായകന്‍ ഷെറി ഡൂള്‍ ന്യൂസിനോട് പറഞ്ഞു. എന്ത് കൊണ്ടാണ് ചിത്രം മേളയില്‍ നിന്നും ഒഴിവാക്കിയതെന്ന ചോദ്യത്തിന് മന്ത്രി ഉത്തരം നല്‍കിയില്ലെന്നും ഷെറി പറഞ്ഞു.

ചിത്രം ഒഴിവാക്കിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമെന്താണെന്നറിയാന്‍ സംവിധായകന്‍ ഷെറി പലതവണയായി പ്രിയദര്‍ശനുമായും ഗണേഷ്‌കുമാറുമായും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അതിന് സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ മേള നടക്കുന്നതിനിടെയാണ് ഷെറി ഇവരുമായി ചര്‍ച്ച നടത്തിയത്. തന്റേതല്ലാത്ത കാരണം കൊണ്ട് ഒഴിവാക്കപ്പെട്ട ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ആദിമധ്യാന്തം പ്രദര്‍ശിപ്പിക്കാമെന്ന് അക്കാദമി സമ്മതിച്ചു. എന്നാല്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഷെറിയുടെ ആവശ്യം. ഇത് അംഗീകരിക്കാന്‍ അക്കാദി തയ്യാറായില്ല. ഇതേ തുടര്‍ന്ന് തനിക്കൊപ്പം നില്‍ക്കുന്നവരുമായി വിഷയം ചര്‍ച്ച ചെയ്ത് മൂന്ന് മണിക്കൂറിനുള്ളില്‍ തീരുമാനമറിയിക്കാമെന്ന് ഷെറി അറിയിച്ചു.

ചലച്ചിത്ര മേള തുടങ്ങിയ ശേഷം ഏതെങ്കിലും ചിത്രത്തെ ഒഴിവാക്കാനോ ഉള്‍പ്പെടുത്താനോയുള്ള അധികാരം അക്കാദമി ചെയര്‍മാനുണ്ട്. അക്കാദമി ചെയര്‍മാന്റെ വിവേചനാധികാരം ഉപയോഗിച്ച് ചിത്രം ഉള്‍പ്പെടുത്താന്‍ കഴിയും. എന്നാല്‍ ആദിമധ്യാന്തത്തിന്റെ കാര്യത്തില്‍ മറ്റൊരു സാങ്കേതിക പ്രശ്‌നംകൂടി നിലനില്‍ക്കുന്നുണ്ട്. ഈ കേസ് ഹൈക്കോടതിയില്‍ പോവുകയും ചിത്രം ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് സബ്‌ടൈറ്റില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഉത്തരവ്. അതുകൊണ്ടുതന്നെ മത്സരവിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ഷെറിയുടെ ആവശ്യം അംഗീകരിക്കാനിടയില്ല.

ബധിരനായ ഒരു കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ആദിമധ്യാന്തം. ചിത്രം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ അതിനു പിന്നാലെ വിവാദങ്ങളുമുണ്ടായിരുന്നു. ചിത്രം അനധികൃതമായാണ് മേളയില്‍ കടന്നുകൂടിയതെന്നതായിരുന്നു ആദ്യ ആരോപണം. ചിത്രത്തിന്റെ ഷൂട്ടിംങ് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രം അപൂര്‍ണമാണെന്ന് സിനിമ കണ്ടശേഷം സാംസ്‌കാരികമന്ത്രിയും ആരോപിച്ചു. ഇതിനുശേഷം ഷെറി നല്‍കിയ സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര അക്കാദമി ചിത്രം ഒഴിവാക്കുകയാണുണ്ടായത്.

Malayalam news

‘മന്ത്രി സിനിമ കണ്ടത് കുളിക്കാന്‍ പോകുന്നതിനിടെ’