മനില: ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വീശിയടിക്കുന്ന ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെ വെള്ളപ്പൊക്കവും ഫിലിപ്പീന്‍സിനെ പിടികൂടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ രണ്ട് ചുഴലിക്കാറ്റില്‍ 60 പേരാണ് മരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍ വീടിന്റെ മേല്‍ക്കൂരയില്‍ കഴിയുകയാണ്. പലയിടങ്ങളിലും വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

വടക്കന്‍ ഫിലിപ്പീന്‍സിലാണ് നാല്‍ഗെ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചിരിക്കുന്നത്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഇസബെല്ലയില്‍ ശനിയാഴ്ചയാണ് ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശിത്തുടങ്ങിയത്. പിന്നീട് മറ്റു പ്രദേശങ്ങളിലേയ്ക്ക് സഞ്ചരിച്ച കാറ്റ് വന്‍ നാശനഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. ചുഴലിക്കാറ്റിനൊപ്പം കനത്ത മഴയും വന്നതോടെ പ്രശ്‌നം രൂക്ഷമായി. ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

അനുനിമിഷം കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് തെക്കന്‍ ചൈനയുടെ തീരപ്രദേശത്തേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് തീരപ്രദേശത്ത് നിന്ന് ഏതാണ്ട് മൂവായിരത്തോളം ആളുകളെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. തെക്കന്‍ ഹയ്‌നന്‍, കിഴക്കന്‍ തായ്‌വന്‍ എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.