ചെന്നെ: തൊണ്ണൂറുകളില്‍  മലയാള സിനിമയിലെ നായികാ ഭാവങ്ങള്‍ക്ക് പുത്തന്‍ പരിവേഷം നല്‍കി കടന്നുവന്ന നടി സുമലത വീണ്ടും സജീവമാകുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കാണ്ടഹാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്‌ സുമലതയുടെ തിരിച്ചുവരവ്‌. ഇതില്‍ അമിതാഭ്‌ ബച്ചന്‍ അവതരിപ്പിക്കുന്ന വ്യവസായ പ്രമുഖന്‍റെ ഭാര്യയുടെ വേഷത്തിലാണ്‌ സുമലതെ വെളളിത്തിരയിലെത്തുന്നത്.

മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 200 ചിത്രങ്ങളില്‍ സുമലത അഭിനയിച്ചിട്ടുണ്ട്‌. പത്‌മരാജന്‍റെ തൂവാനത്തുമ്പികളിലെ ക്‌ളാരയെന്ന കഥാപാത്രമാണ്‌ സുമലതയെ മലയാളത്തിന്‌ പ്രിയങ്കരിയാക്കിയത്‌. മമ്മൂട്ടിയുടെ നിരവധി സൂപ്പര്‍ഹിറ്റ്‌ ചിത്രങ്ങളിലും ഇവര്‍ നായികയായി. നിറക്കൂട്ട്‌, ന്യൂഡല്‍ഹി, ഇസബെല്ല, താഴ്‌വാരം, നമ്പര്‍ 20 മദ്രാസ്‌ മെയില്‍, ദിനരാത്രങ്ങള്‍, നായര്‍സാബ്‌ തുടങ്ങി നിരവധി ഹിറ്റ്‌ ചിത്രങ്ങളില്‍ ഈ നടിയുണ്ടായിരുന്നു.

മലയാളത്തിലെ സുമലതയുടെ അവസാനചിത്രം ജോഷിയുടെ ഈ തണുത്ത വെളുപ്പാന്‍ കാലത്ത്‌ ആയിരുന്നു. കന്നഡ നടനും രാഷ്‌ട്രീയ പ്രവര്‍ത്തകനുമായി അംബരീഷിനെ വിവാഹം ചെയ്‌തതിന്‌ ശേഷമാണ്‌ സുമലത അഭിനയരംഗം വിട്ടത്‌.