നടി അനന്യ ഇനി ബോളിവുഡിലേയ്ക്ക്. മലയാളത്തിലും ദക്ഷിണേന്ത്യന്‍  ഭാഷകളിലും സാന്നിധ്യമറിയിച്ചുകഴിഞ്ഞ ശേഷമാണ് അനന്യ ബോളിവുഡിലേക്ക് ചേക്കേറുന്നത്.

തമിഴിലും ഹിന്ദിയിലും ഒരുപോലെ ചിത്രീകരിക്കുന്ന ചിത്രത്തിലൂടെയാണ് അനന്യബോളിവുഡിലേക്ക് എത്തുന്നത്. പ്രശസ്ത സംവിധായകന്‍  രാംഗോപാല്‍വര്‍മ്മയുടെ സഹായിയായിരുന്ന അജിത്തിന്‍റേതാണ് ചിത്രം. സംഗീതം നിറഞ്ഞുനില്‍ക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന കലഹങ്ങളുടെ കഥയാണ് അജിത്ത് പറയുന്നത്.ഇതിനൊപ്പം കാമ്പസ് ജീവിതത്തിലെ ചില രസകരമായ നിമിഷങ്ങളും ചിത്രത്തിലുണ്ടാകും. ചിത്രത്തിന്റെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ല.

അക്ഷയ് ഖന്നയെയോ മാധവനെയോ ആണ് ഹിന്ദിയില്‍ നായകനായി  പരിഗണിക്കുന്നയെന്നാണ് റിപ്പോര്‍ട്ട്.  വിജയ് ആയിരിക്കും തമിഴ് പതിപ്പിലെ  നായകന്‍. ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റിഷോ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ സീസണ്‍ 4ലെ റണ്ണര്‍അപ്പായ പ്രീതി വാര്യരും ഈചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് കടക്കുന്നുണ്ട്. പിന്നണി ഗായിക രഞ്ജിനി ജോസും ഈ സിനിമയില്‍ മുഖം കാണിക്കും.