എഡിറ്റര്‍
എഡിറ്റര്‍
നദീജലവിഷയം: പത്രങ്ങള്‍ക്കെതിരായ അപകീര്‍ത്തി ശ്രമം അന്വേഷിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത്
എഡിറ്റര്‍
Friday 3rd May 2013 9:30am

secretariate333

തിരുവനന്തപുരം: കേരള-തമിഴ്‌നാട് നദീജല വിഷയത്തില്‍ മലയാളത്തിലെ മൂന്ന് പ്രമുഖ പത്രങ്ങള്‍ തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്കായി വാര്‍ത്തകള്‍ എഴുതിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്രം ഉടമകള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

Ads By Google

പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ചീഫ് സെക്രട്ടറിയാവും അന്വേഷണം നടത്തുക.

കേരള കൗമുദി മാനേജിങ് ഡയറക്ടര്‍ എം.എസ്. രവി, മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ഫിലിപ്പ് മാത്യു എന്നിവരാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

സെക്രട്ടറിയേറ്റില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയ ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് മലയാളമനോരമ മാതൃഭൂമി, കേരള കൗമുദി എന്നീ പത്രങ്ങളിലെ ലേഖകരുമായി ബന്ധമുണ്ടെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പേരിലാണ് പ്രചാരണം.

എന്നാല്‍ ഈ പത്രങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലാതെ പത്രങ്ങളുടെ പേര് ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നും കത്തില്‍ പറയുന്നു.

ഈ മൂന്ന് പത്രങ്ങളുടെ പ്രമുഖ ലേഖകര്‍ക്ക് ചെന്നൈയില്‍ ആനുകൂല്യങ്ങളും സൗകര്യങ്ങളും ലഭ്യമാക്കി അന്തസ്സംസ്ഥാന നദീജല വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി വാര്‍ത്തകള്‍ എഴുതിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉണ്ണികൃഷ്ണന്‍ എന്ന തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയോ എന്നും സെക്രട്ടേറിയറ്റിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ വഴിവിട്ട നിലയില്‍ അയാളെ സഹായിച്ചോ എന്നും സര്‍ക്കാര്‍ അന്വേഷിക്കേണ്ട കാര്യമാണ്.

എന്നാല്‍, ഒരു തെളിവും ഹാജരാക്കാതെ പ്രമുഖ ദിനപത്രങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചത് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള ഭീഷണിയായേ കാണാനാവൂ. എന്നും കത്തില്‍ പറയുന്നു.

നദീജല കാര്യത്തില്‍ കേരളത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് മൂന്ന് പത്രങ്ങളും പ്രസിദ്ധീകരിച്ചുപോന്നിട്ടുള്ളത്. മറിച്ചുസംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ഏതു റിപ്പോര്‍ട്ടാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം.

ഈ പത്രങ്ങളുടെ ഏതെങ്കിലും ലേഖകന്‍ തമിഴ്‌നാട് ഉദ്യോഗസ്ഥന്‍വഴി ആനുകൂല്യങ്ങളോ സൗകര്യങ്ങളോ സ്വീകരിച്ചതായി സര്‍ക്കാറിന് അറിവുണ്ടെങ്കില്‍ അത് വെളിപ്പെടുത്തുകയും വേണം.

പത്രസ്വാതന്ത്ര്യത്തിനുകൂടി എതിരായ ഈ നീക്കത്തെപ്പറ്റി മുഖ്യമന്ത്രി അടിയന്തര അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു.

എന്നാല്‍ അത്തരത്തിലൊരു ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രി പത്രം ഉടമകളുടെ കത്തിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് വ്യക്തമല്ല.

Advertisement