മുംബൈ: ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും ഹോക്കി ഇന്ത്യയും തമ്മിലുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നു മാറ്റിയ ചാംപ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് ന്യൂസീലന്‍ഡ് വേദിയൊരുക്കും. ഇന്ത്യയില്‍നിന്ന് മാറ്റിയ ടൂര്‍ണ്ണമെന്റ് ഡിസംബറില്‍ ന്യൂസീലന്‍ഡില്‍ നടത്താന്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ തീരുമാനിച്ചു.

ഇതോടെ ആതിഥേയ രാജ്യമെന്ന നിലയില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാമെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റു. ലോക ഒന്‍പതാം നമ്പറായ ഇന്ത്യക്ക് പകരം ഏഴാം സ്ഥാനക്കാരായ ന്യൂസിലന്‍ഡാവും ലോകത്തെ എട്ട മുന്‍ നിര ഹോക്കി രാഷ്ട്രങ്ങള്‍ മാറ്റൂറക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക. എന്നാല്‍ പകരമായി ദക്ഷിണാഫ്രിക്കയില്‍ നവംബറില്‍ നടക്കുന്ന ചാംപ്യന്‍സ് ചാലഞ്ചില്‍ കളിക്കാന്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ട്.

ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മില്‍ ഒത്തു തീര്‍പ്പിലെത്തി ഒറ്റ സംഘടന ആയില്ലെങ്കില്‍ ഫെബ്രുവരിയില്‍ ദില്ലിയില്‍ നടക്കേണ്ട ഒളിംപിക്‌സ് യോഗ്യതാ മത്സരവും മാറ്റിയേക്കുമെന്ന് ഫെഡറേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.