എഡിറ്റര്‍
എഡിറ്റര്‍
ഇസ്രത് ജഹാന് നീതി ലഭിക്കാനുള്ള പോരാട്ടം വിജയത്തിലേയ്ക്ക്: സഹോദരി
എഡിറ്റര്‍
Saturday 23rd November 2013 8:14am

ishrat-jahan

പാട്‌ന: ഇസ്രത് ജഹാനെതിരെയുള്ള വ്യാജഏറ്റുമുട്ടല്‍ കേസില്‍ നീതിക്കു വേണ്ടിയുള്ള പോരാട്ടം ഏറെക്കുറെ വിജയത്തിലെത്തിയെന്ന് ജഹാന്റെ സഹോദരി മുസാറത്. എന്നാല്‍ സഹോദരിയുടെ മരണത്തിനിടയാക്കിയ സംഭവത്തിന് ഗൂഢാലോചന നടത്തിയവരെ കൂടി നിയമത്തിന് മുമ്പിലെത്തിക്കണമെന്നും അവര്‍ പറഞ്ഞു.

‘ഭീകരവാദവുമായി ബന്ധപ്പെട്ട് എന്റെ സഹോദരി യാതൊന്നും ചെയ്തിട്ടില്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. ഈ കേസില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിഭാഗവും അഴികള്‍ക്കുള്ളിലായിക്കഴിഞ്ഞു. ഗൂഢാലോചന നടത്തിയവരും ശിക്ഷിക്കപ്പെടുന്ന ദിവസം അകലെയല്ല. മറ്റൊരു ഇസ്രത് കൂടി സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഞങ്ങള്‍ പോരാട്ടം തുടരും.’ ബോധ് ഗയയില്‍ നടന്ന ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് വിമെന്‍സ് അസോസിയേഷന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

‘സി.ബി.ഐയുടെ റിപ്പോര്‍ട്ടോടെ ഇസ്രതിന് മേല്‍ ആരോപിക്കപ്പെട്ടിരുന്ന ഭീകരത എന്ന കളങ്കം ഇല്ലാതായിക്കഴിഞ്ഞു. ഞങ്ങളുടെ പോരാട്ടം തൊണ്ണൂറ് ശതമാനവും വിജയിച്ച് കഴിഞ്ഞു. ഗൂഢാലോചന നടത്തിയവര്‍ കൂടി ശിക്ഷിക്കപ്പെടുന്നത് വരെ അത് തുടരും.’ അവര്‍ വ്യക്തമാക്കുന്നു.

‘എങ്കിലും ഇന്നും അവള്‍ അഹമ്മദാബാദിന് പോയത് എന്തിനാണെന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഞങ്ങള്‍ ഏഴ് സഹോദരങ്ങളാണ്. പിതാവ് നേരത്തെ തന്നെ മരണമടഞ്ഞിരുന്നു. കുടൂംബത്തെ മുമ്പോട്ട് നയിക്കാന്‍ ആരെങ്കിലും സമ്പാദിക്കേണ്ടത് അത്യാവശ്യമായിരുന്നു.

അവള്‍ ട്യൂഷനെടുക്കുമായിരുന്നു. എന്നാല്‍ സ്‌കൂളുകള്‍ക്ക് അവധിയാകുമ്പോള്‍ ജാവേദ് ഷെയ്ഖിന്റെ (ഇദ്ദേഹവും ഇസ്രത്തിനോടൊപ്പം കൊല്ലപ്പെട്ടിരുന്നു) കൂടെ അവള്‍ സാധനങ്ങള്‍ വില്‍ക്കാന്‍ പോകുമായിരുന്നു. ഞങ്ങളുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് ജാവേദ് ഷെയ്ഖ്.

ഒരു ജോലിക്ക് വേണ്ടിയാണ് ഇസ്രത് അഹമ്മദാബാദിന് പോയത്. ഒരു പെണ്‍കുട്ടി ജോലിക്ക് പോകുന്നതിനെ തെറ്റായ കണ്ണിലൂടെ അല്ലാതെ കാണാന്‍ കഴിയില്ലേ?’ മുസാറത് ചോദിക്കുന്നു.

‘ഏറ്റുമുട്ടലില്‍ ഇസ്രത് കൊല്ലപ്പെട്ടുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ വാസ്തവത്തില്‍ ഏറ്റുമുട്ടല്‍ എന്താണെന്ന് തന്നെ ഞങ്ങള്‍ക്കറിയില്ലായിരുന്നു. നരേന്ദ്ര മോഡി ആരാണെന്ന് അന്ന് അറിയില്ലായിരുന്നു. പാറ്റയെയും പല്ലിയെയും ഭയമുള്ള ഒരു പെണ്‍കുട്ടി ഒരാളെ വധിക്കാന്‍ ഒരുങ്ങുമോ?’ അവര്‍ ചോദിച്ചു.

കഴിഞ്ഞ ജൂലൈയില്‍ സി.ബി.ഐ ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

അനീതിയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ അക്രമങ്ങള്‍ക്കും ലൈംഗികകുറ്റകൃത്യങ്ങള്‍ക്കും ഇരയായ സ്ത്രീകളെ സമ്മേളനം അഭിനന്ദിച്ചു.

‘ബലാത്സംഗങ്ങള്‍ സംഭവിക്കുമ്പോഴൊക്കെ സമൂഹം സ്ത്രീകളെയും അവളുടെ വസ്ത്രധാരണത്തെയുമാണ് കുറ്റപ്പെടുത്തുന്നത്. അവര്‍ ഈ അതിക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്.’ തമിഴ് നാട്ടിലെ വാചാതി കൂട്ടക്കൊലയില്‍ നിന്ന രക്ഷപെട്ട ഒരു യുവതി പറഞ്ഞു. ഇവിടെ ആദിവാസി വിഭാഗത്തില്‍ പെടുന്ന 18 സ്ത്രീകളാണ് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്.

Advertisement