എഡിറ്റര്‍
എഡിറ്റര്‍
ജനശ്രീ അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തുമെന്ന് എല്‍.ഡി.എഫ്
എഡിറ്റര്‍
Wednesday 26th September 2012 8:09am

തിരുവന്തപുരം: ജനശ്രീ അഴിമതിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തണമെന്ന് എല്‍.ഡി.എഫ് അടിയന്തര യോഗം. ജനശ്രീയുടെ മറവില്‍ സംസ്ഥാനത്ത് നഗ്നമായ അഴിമതി നടക്കുകയാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആരോപിച്ചു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.

Ads By Google

ജനശ്രീ മിഷന്‍ ഉണ്ടാക്കിയ ധനസ്ഥാപനം ഹസ്സന്റെ സ്വകാര്യ സ്വത്താണെന്ന് വ്യക്തമായി. ജനശ്രീക്ക് 14.36 കോടി രൂപ അനുവദിച്ചത് കൃത്യമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ജനശ്രീയെ ഉപയോഗിച്ച് വന്‍ അഴിമതി നടത്താനുള്ള നീക്കങ്ങളുടെ തുടക്കമാണിത്. മറ്റു വകുപ്പുകളില്‍നിന്ന് സമാനമായ രീതിയില്‍ ഫണ്ട് തട്ടിയെടുത്ത് പൊതുസ്വത്ത് കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. കാര്‍ഷികമേഖലയുമായി പുലബന്ധം പോലുമില്ലാത്ത ജനശ്രീക്ക് കൃഷിവകുപ്പും മൃഗസംരക്ഷണവകുപ്പും ഫണ്ട് അനുവദിക്കുമ്പോള്‍ കാര്‍ഷികമേഖലയെ രക്ഷിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നുമാത്രമല്ല, മുന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. തദ്ദേശഭരണ സ്ഥാപനങ്ങളെ ഉപയോഗിച്ച് കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം ഈ സ്ഥാപനങ്ങളെയും മറികടന്ന് അധികാരവികേന്ദ്രീകരണവും അട്ടിമറിക്കുകയാണ്. ഭവനവായ്പ രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയെങ്കിലും 75,000 രൂപ മാത്രം സര്‍ക്കാര്‍ അനുവദിക്കുകയും ബാക്കി തുക ബ്ലോക്ക് പഞ്ചായത്ത് സ്വന്തം നിലയില്‍ കണ്ടെത്തണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇത് ബ്ലോക്ക് പഞ്ചായത്തുകളെ തകര്‍ക്കുന്ന നടപടിയാണ്. ഈ രീതിയില്‍ തദ്ദേശഭരണസ്ഥാപനങ്ങളെയാകെ പ്രതിസന്ധിയിലാക്കിയെന്നും യോഗം ആരോപിച്ചു.

സ്ത്രീശാക്തീകരണത്തിന് രാജ്യത്തിനാകെ മാതൃകയായി ഉയര്‍ന്നുവന്ന കുടുംബശ്രീ മിഷനെ തകര്‍ക്കുന്ന നടപടികളാണ് യു.ഡി.എഫ് അധികാരത്തില്‍ വന്നതുമുതല്‍ സ്വീകരിച്ചുവരുന്നത്. എല്‍.ഡി.എഫ് ഭരണകാലത്ത് അനുവദിച്ച 100 കോടി രൂപ 50 കോടിയായി വെട്ടിക്കുറച്ചു. നാല് ശതമാനം പലിശനിരക്കിലുള്ള വായ്പാപദ്ധതി തകര്‍ത്തു. ഭവനശ്രീ പദ്ധതിക്കുള്ള ധനസഹായം നല്‍കാത്തതിനാല്‍ സഹകരണ ബാങ്കുകള്‍ വായ്പ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കുടുംബശ്രീയുടെ ജില്ലാതല ഉദ്യോഗസ്ഥരെ പിന്‍വലിച്ച് പാര്‍ശ്വവര്‍ത്തികളെ നിയമിക്കാന്‍ ശ്രമിക്കുന്നു.

ജനശ്രീക്ക് ഫണ്ട് അനുവദിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും ഇത്തരം അധികാരദുര്‍വിനിയോഗങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്രസര്‍ക്കാരിനും കത്ത് നല്‍കുമെന്നും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് എല്‍.ഡി.എഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Advertisement