കാഠ്മണ്ഡു:  ഇന്ത്യയ്‌ക്കെതിരെ യുദ്ധം ചെയ്യാന്‍ നേപ്പാളിലെ മാവോവാദി നേതാവ് പുഷ്പ കമാല്‍ ദലാല്‍ പ്രചണ്ഡ അനുയായികളോട് ആഹ്വാനം ചെയ്തു. ഇന്ത്യ ഫ്യൂഡല്‍ ശക്തികള്‍ക്ക് പിന്തുണനല്‍കുകയാണെന്നും പാര്‍ട്ടി പ്ലീനത്തില്‍ അദ്ദേഹം ആരോപിച്ചു.

നേപ്പാളില്‍ ശക്തമായ ഇടപെടലാണ് ഇന്ത്യ നടത്തുന്നത്. മാവോവാദികളുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനെ തകര്‍ത്തതില്‍ ഇന്ത്യയ്ക്ക് വലിയ പങ്കുണ്ട്. ഇന്ത്യയുടെ സൈനിയ അധിനിവേശമാണ് താന്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം- പ്രചണ്ഡ പറഞ്ഞു.

‘വിദേശ ശക്തികളുടെ സഹായികളും രാജ്യത്തിനുള്ളിലെ ഫ്യൂഡല്‍ ശക്തികളും നമ്മുടെ വര്‍ഗശത്രുക്കളാണ്. അധിനിവേശ മോഹിയായ ഇന്ത്യയാണ് നമ്മുടെ പ്രധാന എതിരാളി.’ പ്രചണ്ഡ അവതരിപ്പിച്ച രാഷ്ട്രീയ രേഖയില്‍ പറയുന്നു.

പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും മാവോവാദികളെ ഭരിക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. ഒരു പുതിയ ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള മാവോവാദികളുടെ ശ്രമമാണ് ഇന്ത്യ തടഞ്ഞത് -മുന്‍ നേപ്പാള്‍ ആഭ്യന്തരമന്ത്രി കമാല്‍ താപ്പ പറഞ്ഞു.