എഡിറ്റര്‍
എഡിറ്റര്‍
തീരുമാനം ഈസ്റ്ററിന് ശേഷമെന്ന് ചെന്നിത്തല, ഹൈക്കമാന്റുമായി ചര്‍ച്ച നടത്തുമെന്ന് കുഞ്ഞാലിക്കുട്ടി
എഡിറ്റര്‍
Saturday 7th April 2012 12:18am

ആലുവ: അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ഈസ്റ്ററിന് ശേഷം തീരുമാനമെടുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഏറെ നേരത്തെ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. യു.ഡി.എഫില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അഞ്ചാം മന്ത്രിയുടെ കാര്യത്തില്‍ ഈസ്റ്ററിന് ശേഷം തീരുമാനമുണ്ടാകും. ഹൈക്കമാന്റ് തീരുമാനത്തിനായാണ് ഇപ്പോള്‍ കാത്തുനില്‍ക്കുന്നത്. ഹൈക്കമാന്റ് തീരുമാനം വരുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്നും ചെന്നിത്തല വ്യക്തമാക്കി.

യു.ഡി.എഫില്‍ ഒരു അനിശ്ചിതത്വവും നിലവിലില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അഞ്ചാം മന്ത്രിക്കാര്യത്തില്‍ യു.ഡി.എഫ് തീരുമാനം ഉടന്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അഞ്ചാം മന്ത്രിക്കാര്യത്തില്‍ ഹൈക്കമാന്റുമായി ചര്‍ച്ച നടത്താന്‍ ലീഗിന് അവസരമുണ്ടാക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇക്കാര്യത്തില്‍ പാണക്കാട് ഹൈദരലി തങ്ങളെ കണ്ട് ചര്‍ച്ച നടത്തുകയുണ്ടായി. ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചാം മന്ത്രിസ്ഥാനം യു.ഡി.എഫിനെ വെട്ടിലാക്കിയിരിക്കെ പ്രശ്‌നം പരിഹരിക്കാന്‍ വിവിധ തലത്തിലുള്ള ഫോര്‍മുലകള്‍ തയ്യാറാവുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. മഞ്ഞളാംകുഴി അലിയെ സ്പീക്കറാക്കി അഞ്ചാം മന്ത്രിപ്രശ്‌നം പരിഹരിക്കാന്‍ ലീഗ് തന്നെ മുന്‍കയ്യെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അലിക്ക് മന്ത്രിസ്ഥാനം ലഭിക്കണമെങ്കില്‍ ലീഗ് മന്ത്രിമാര്‍ ആരെങ്കിലും തന്നെ രാജിവെക്കേണ്ടി വരുമെന്ന സ്ഥിതിയെത്തിയപ്പോഴാണ് ഈ വഴി തിരിയാന്‍ ലീഗ് ശ്രമം തുടങ്ങിയത്. അതേസമയം സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ ആരോടും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് മഞ്ഞളാംകുഴി അലി വ്യക്തമാക്കി.

Malayalam News

Kerala News in English

Advertisement