Categories

Headlines

കാനറികള്‍ ഓറഞ്ചുപടക്കെതിരേ

സുരാജ്

പോര്‍ട്ട് എലിസബത്ത്: ആറാംകിരീടം ലക്ഷ്യമിട്ട് ബ്രസീലും ചരിത്രം തിരുത്താന്‍ ഹോളണ്ടും പോര്‍ട്ട് എലിസബത്തിലെ പോരാട്ടം പൊടിപാറും. സോക്കര്‍ സിറ്റിസ്‌റ്റേഡിയത്തില്‍ നടക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആഫ്രിക്കന്‍ പ്രതീക്ഷയായ ഘാന യൂറോപ്പ്യന്‍ കരുത്തരായ ഉറുഗ്വേയെ നേരിടും.

സാംബാ താളവും ടോട്ടല്‍ ഫുട്‌ബോളും തമ്മില്‍ അങ്കം

പോര്‍ട്ട് എലിസബത്ത് സ്‌റ്റേഡിയത്തില്‍ ബ്രസീല്‍ ഹോളണ്ടിനെ നേരിടുമ്പോള്‍ കാല്‍പ്പന്തുകളിയിലെ സൗന്ദര്യവും ടോട്ടല്‍ ഫുട്‌ബോളും തമ്മിലുള്ള മല്‍സരമായിരിക്കും നടക്കുക. ആത്മവിശ്വാസത്തോടെയാണ് കാനറികള്‍ കളിക്കാനിറങ്ങുന്നത്. ഫാബിയാനോ, കക്കാ, റൊബാന്യോ എന്നിവരടങ്ങുന്ന മുന്നേറ്റനിരയിലാണ് ബ്രസീലിന്റെ പ്രതീക്ഷ. ലൂസിയാനോയും മൈക്കോണും മധ്യനിരയില്‍ തിളങ്ങുക കൂടിചെയ്താല്‍ മഞ്ഞപ്പടയെ പിടിച്ചുകെട്ടുക എന്നത് ഹോളണ്ടിനെ സംബന്ധിച്ച് ബാലികേറാമലയാകാനാണ് സാധ്യത.

എന്നാല്‍ പരിക്കിനുശേഷം ഗോളടിച്ച് തിരിച്ചുവന്ന ആര്യന്‍ റോബന്റെ ടീം അത്രപെട്ടെന്ന് തോല്‍ക്കുന്നവരല്ല. സ്‌നൈഡറും വാന്‍പേഴ്‌സിയും മികച്ച ആക്രമണവുമായി മുന്നേറിയാല്‍ ബ്രസീല്‍ ഗോളി സിസെറിനും പിടിപ്പത് പണിയുണ്ടാകും. കളിയില്‍ ബ്രസീലിനാണ് ഫുട്‌ബോള്‍ വിദഗ്ധര്‍ മുന്‍തൂക്കം നല്‍കുന്നത്.

ചരിത്രമാകാന്‍ ഘാന

സോക്കര്‍ സിറ്റി സ്‌റ്റേഡിയത്തില്‍ കാല്‍പ്പന്തുകളിയുടെ പുതിയ ചരിത്രം രചിക്കാന്‍ ഘാന ശക്തരായ ഉറുഗ്വേയ്‌ക്കെതിരേ കളിക്കാനിറങ്ങും. മിന്നുന്ന ഫോമിലുള്ള ഡീഗോ ഫോര്‍ലാനും അപ്രതീക്ഷിതമായി മികവിലേക്കെത്തിയ സുവാറിസും ഗോളടി തുടരാനാണ് ശ്രമിക്കുക. ശക്തമായ പ്രതിരോധമാണ് ഉറുഗ്വേയുടെ പ്ലസ് പോയന്റ്. ഇതുവരെയായി ഒരുഗോള്‍ മാത്രമാണ് ടീം വഴങ്ങിയത്.

എന്നാല്‍ ആഫ്രിക്കന്‍ വന്‍കരയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും പ്രതീക്ഷയുമായാണ് ഘാന കളിക്കാനിറങ്ങുന്നത്. മുന്നേറ്റനിരയിലെ അസമാവോ ഗ്യാനിലാണ് അവരുടെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ പരിക്കും സസ്‌പെന്‍ഷനും ഘാനയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. പ്രതിരോധ നിരയിലെ പ്രിന്‍സ് ബോട്ടെ്ങ്ങ് പരിക്കിന്റെ പിടിയിലാണ്. മുന്നേറ്റ നിരയിലെ താരമായ ആന്ദ്രേ അയേവു സസ്‌പെന്‍ഷനിലാണ്. ശക്തരായ ഉറുഗ്വേയ്‌ക്കെതിരേ വിജയം നേടിയാല്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമാകും ഘാന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.