ബ്യൂണസ്‌ഐറിസ്: ഫാക്ക്‌ലാന്റ്‌സ് യുദ്ധത്തിനിടെ ബ്രിട്ടീഷ് നാവികസേന മുക്കിയ യുദ്ധക്കപ്പലിന്റെ പേര് രാജ്യത്തെ ഒന്നാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗിന് നല്‍കാനുള്ള അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനത്തിനെതിരെ ഫിഫയുടെ മുന്നറിയിപ്പ്. തകര്‍ന്ന കപ്പലിന്റെ പേര് ലീഗിന് ഇടുന്നത് ഫുട്‌ബോളില്‍ രാഷ്ട്രീയംകലര്‍ത്താനുള്ള ശ്രമമാണെന്നാണ് ഫിഫയുടെ ആരോപണം.

ലിഗ ഡി പ്രിമേറ ഡിവിഷന്‍ എന്ന പേര് ക്രുസേറോ ജനറല്‍ ബെല്‍ഗ്രാനോ ഫസ്റ്റ് ഡിവിഷന്‍ എന്നാക്കി മാറ്റാന്‍ കഴിഞ്ഞയാഴ്ചയാണ് ആഫ തീരുമാനിച്ചത്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് ഫിഫ ആഫയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘ ലിഗ ഡി പ്രിമേറ ഡിവിഷന്റെ പേര് മാറ്റവുമായി ബന്ധപ്പെട്ട് ഫിഫ ആഫയുമായി ബന്ധപ്പെട്ടിരുന്നു. ലീഗിന്റെ പേര് ക്രുസേറോ ജനറല്‍ ബെല്‍ഗ്രാനോ എന്നാക്കി മാറ്റിയെന്നാണ് മാധ്യമങ്ങളില്‍ നിന്നും മനസിലായത്. ഇത് സംബന്ധിച്ച വിവരം നല്‍കണമെന്ന് ആഫയോട് ഫിഫ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫിഫ ചട്ടങ്ങളിലെ മൂന്നാം വകുപ്പ് പ്രകാരം ഏതെങ്കിലും രാജ്യം, വ്യക്തി, സംഘം, വംശം, മതം, ലിംഗം, ഭാഷ തുടങ്ങിയവയെ മുറിപ്പെടുത്തുന്ന യാതൊന്നും ഫുട്‌ബോളുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പും അവര്‍ക്ക് നല്‍കിയിട്ടുണ്ട്.’ ഫിഫ പറഞ്ഞു.

ജനറല്‍ ബെല്‍ഗ്രാനോയുടെ പേരുപയോഗിക്കുന്നത് ഈ ചട്ടത്തിന് വിരുദ്ധമാണെന്ന് ഫിഫ പറയുന്നു. വെള്ളിയാഴ്ചയാണ് അര്‍ജന്റീനാ ലീഗ് ആരംഭിക്കുന്നത്.

1982ല്‍ ഫാക്ക്‌ലന്‍ഡ് യുദ്ധത്തിനിടെ ഏപ്രില്‍ രണ്ടിനാണ് റോയല്‍ നേവി ജനറല്‍ ബെല്‍ഗ്രാനോ എന്ന യുദ്ധക്കപ്പല്‍ മുക്കിയത്. 323 അര്‍ജന്റീനാ നാവികസേനാംഗങ്ങള്‍ പോരാട്ടത്തില്‍ കൊല്ലപ്പെട്ടിരുന്നു. എച്ച്.എം.എസ് കോണ്‍ക്വറര്‍ എന്ന അന്തര്‍വാഹിനി ഉപയോഗിച്ചാണ് ബ്രിട്ടന്‍ കപ്പല്‍ മുക്കിയത്. ഇതിന്റെ മുപ്പതാം വാര്‍ഷികം പ്രമാണിച്ചാണ് ലീഗിന് യുദ്ധക്കപ്പലിന്റെ പേരിടാന്‍ അര്‍ജന്റീന തീരുമാനിച്ചത്.

Malayalam news

Kerala news in English