സൂറിച്ച: അര്‍ജന്റീനയും നൈജീരിയയും തമ്മില്‍ നടന്ന സൗഹൃദമല്‍സരത്തെക്കുറിച്ച് അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടന (ഫിഫ) അന്വേഷണം തുടങ്ങി. മല്‍സരം ഒത്തുകളിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം.

മല്‍സരത്തില്‍ അര്‍ജന്റീന ഒന്നിനെതിരേ നാലുഗോളിന് തോറ്റിരുന്നു. റഫറി ഇബ്രാഹിം ചൈബോയുടെ ഭാഗത്തുനിന്നും സംശയകരമായ നടപടികള്‍ ഉണ്ടായിയെന്നും ആരോപണമുണ്ട്. ഇരുടീമുകള്‍ക്കും രണ്ട് പെനല്‍റ്റി അനുവദിച്ചതും വിവാദമായിരുന്നു.

പ്രമുഖ താരങ്ങളൊന്നുമില്ലാതെയാണ് അര്‍ജന്റീന കളിക്കാനിറങ്ങിയത്. മെസ്സി, ഹിഗ്വയ്ന്‍, എയ്ഞ്ചല്‍ ഡി മരിയ എന്നിവര്‍ അര്‍ജന്റീനയ്ക്കായി കളിക്കാനിറങ്ങിയിരുന്നില്ല.

അതിനിടെ മുന്‍ അര്‍ജന്റീനിയന്‍ താരം മറഡോണ ഫിഫയ്‌ക്കെതിരേ ശക്തമായി രംഗത്തെത്തി. ഫിഫയുടെ തലപ്പത്തിരിക്കുന്നവര്‍ ദിനോസറുകളാണെന്നും ഇത്തരക്കാര്‍ സ്ഥാനമൊഴിയുന്നതുവരെ ഏന്തു അഴിമതിയും സംഘടനയില്‍ നടക്കുമെന്നും മറഡോണ ആരോപിച്ചിട്ടുണ്ട്.