എഡിറ്റര്‍
എഡിറ്റര്‍
ഫിഫയും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായി സംയുക്ത കരാര്‍
എഡിറ്റര്‍
Thursday 6th September 2012 9:52am

ന്യൂദല്‍ഹി: ഫിഫയും ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനും പത്ത് വര്‍ഷത്തെ (2012-22) സംയുക്ത കര്‍മപദ്ധതി നടപ്പാക്കും. ഇന്ത്യ സന്ദര്‍ശിക്കുന്ന ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാല്‍ക്കെയും എ.ഐ.എഫ്.എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

2017 ലെ അണ്ടര്‍-17 ലോകകപ്പ് ഇന്ത്യയ്ക്ക് ലഭിക്കാനും ഇതോടെ സാധ്യതയേറി. ആതിഥേയത്വത്തിന് അവകാശവാദമുന്നയിച്ചുള്ള രേഖകള്‍ ഈ മാസം 26ന് മുന്‍പ് നല്‍കണമെന്ന് ജെറോം വാല്‍ക്കെ പറഞ്ഞു.

Ads By Google

അതേസമയം 2015 ലെ ലോകക്ലബ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് ഇന്ത്യയില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2014 വരെയുള്ള വേദികള്‍ ഇതിനകം നിശ്ചയിച്ചു കഴിഞ്ഞു.  2015 ല്‍ ഇന്ത്യ അവകാശവാദമുന്നയിച്ചാല്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒറ്റദിവസം കൊണ്ട് മികച്ച ടീമിനെ വാര്‍ത്തെടുക്കാനാവില്ല. താഴേക്കിടയില്‍ മികച്ച അടിസ്ഥാനസൗകര്യ വികസനങ്ങളൊരുക്കുകയാണ്‌ പ്രധാനം. ഇതിന് സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ ഫിഫ നല്‍കും.

ഫിഫ റാങ്കിങ് സങ്കീര്‍ണമായ പ്രക്രിയയാണ്. മികച്ച ടീമുകളുമായി കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുകയാണ് സ്ഥാനം ഉയര്‍ത്താനുള്ള മാര്‍ഗം. പത്ത് വര്‍ഷത്തിനകം ക്രിക്കറ്റിനെ പിന്തള്ളി ഫുട്‌ബോളിനെ  ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമാക്കി മാറ്റുന്നത് ഫിഫയുടെ പദ്ധതിയില്‍പ്പെടുമെന്നും വാല്‍ക്കെ പറഞ്ഞു

‘വിന്‍ ഇന്ത്യ, വിത്ത് ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ ടെക്‌നിക്കല്‍ സെന്ററും  എട്ട് സ്‌റ്റേഡിയങ്ങളും നിര്‍മിക്കുന്നതിന് ഫിഫ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വലിപ്പവും ജനസംഖ്യയും കണക്കിലെടുത്ത് കൂടുതല്‍ സ്‌റ്റേഡിയങ്ങള്‍ അനുവദിക്കണമെന്ന് പട്ടേല്‍ അഭ്യര്‍ഥിച്ചു.

Advertisement