സൂറിച്ച്: ഫുട്‌ബോള്‍ താരങ്ങളുടെ വേദനാസംഹാരി ഉപയോഗം അമിതാമാകുന്നുണ്ടെന്ന് ഫിഫ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജിരി ദ്വോരാക്. 2010 ല്‍ നടന്ന വേള്‍ഡ് കപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഏതാണ്ട് 40 ശതമാനം കളിക്കാരും വേദനാസംഹാരികള്‍ ഉപയോഗിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

2012 ല്‍ വരാനിരിക്കുന്ന യൂറോകപ്പിലെങ്കിലും ഇത്തരം വേദനസംഹാരികളുടെ ഉപയോഗം പരമാവധി കുറയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജൂനിയര്‍ താരങ്ങള്‍ മുതിര്‍ന്ന താരങ്ങളുടെ വേദനാസംഹാരി ഉപയോഗം അതേ പടി പകര്‍ത്തുകയാണ്. 2010 ലെ വേള്‍ഡ് കപ്പില്‍ ഓരോ താരങ്ങളും ഉപയോഗിച്ച വേദനാസംഹാരികളുടെ ലിസ്റ്റ് തരാന്‍ ഫിഫയുടെ മെഡിക്കല്‍ ടീം ടീമിന്റെ ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഇത് അവലോകനം ചെയ്ത ശേഷമാണ് താരങ്ങള്‍ അമിതമായി വേദനാസംഹാരികള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

ഓരോ കളിക്ക് മുമ്പായും വേദനാസംഹാരികള്‍ നല്‍കാന്‍ ഓരോ ഏജന്റുമാരെ താരങ്ങള്‍ ഏര്‍പ്പാടാക്കാറുണ്ട്. നോര്‍ത്ത് അമേരിക്കയിലേയും സൗത്ത്‌ അമേരിക്കയിലേയും താരങ്ങളാണ് വേദനാസംഹാരി മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍ മുന്‍പന്തിയില്‍.

വേദനയ്ക്കു താത്കാലിക പരിഹാരമാകുമെങ്കിലും ഭാവിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവയാണ് വേദനാസംഹാരികളെന്ന് ഡ്വൊറാക് മുന്നറിയിപ്പ് നല്‍കി. യഥാര്‍ത്ഥത്തില്‍ ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. വേദനാസംഹാരികള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കാനുള്ളതാണ്. എന്നാല്‍ പലതാരങ്ങളും അത് അവഗണിക്കുന്നു.

കളിക്കിടെ അപകടം പറ്റിയാല്‍ അവര്‍ക്ക് ഉടന്‍ തന്നെ കളിയില്‍ തുടരാന്‍ വേണ്ടിയാണ് ഓരോ ടീമിലേയും ഡോക്ടര്‍മാര്‍ വേദനാസംഹാരികള്‍ നല്‍കുന്നത്. എന്നാല്‍ കളിതുടങ്ങുന്നതിനു മുന്‍പു തന്നെ പല താരങ്ങളും മരുന്ന് ഉപയോഗിക്കുന്നത് പരിശോധിക്കേണ്ടതുണ്ട്‌.