Categories

കാസ്‌ട്രോ മരണത്തിലേക്ക് അടുക്കുകയാണോ?

ഹവാന: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ച ആഗ്രഹിച്ച യു.എസ് ഭരണകൂടം കാസ്‌ട്രോയുടെ ആരോഗ്യവിവരം നിരന്തരം അന്വേഷിച്ചിരുന്നതായി വിക്കിലീക്ക്‌സ്. ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്‌ട്രോയുടെ രോഗവിവരങ്ങള്‍ അറിയാന്‍ യു.എസ് നയതന്ത്ര വിദഗ്ദര്‍ നിരന്തരം ശ്രമിച്ചിരുന്നതായും അതിനായി കാസ്‌ട്രോയുമായി അടുത്ത ബന്ധമുള്ളയാള്‍ അമേരിക്കയെ സഹായിച്ചതായുമാണ് പുതിയ വിവരങ്ങള്‍.

2006 ല്‍ കാസ്‌ട്രോ രോഗബാധിതനായപ്പോള്‍ രോഗത്തെക്കുറിച്ചറിയാനും സുഖം പ്രാപിക്കാനുള്ള സാധ്യതകളെ കുറിച്ച് മനസ്സിലാക്കാനും അമേരിക്കന്‍ നയതന്ത്ര വിദഗ്ദര്‍ എല്ലാ ശ്രമങ്ങളും നടത്തി. കാസ്‌ട്രോയുടെ രോഗവിവരങ്ങള്‍ അറിയിച്ച് അജ്ഞാതന്‍ യു.എസിന് നല്‍കിയ വിവരങ്ങളാണ് വിക്കിലീക്ക്‌സ് പുറത്തുവിട്ടിരിക്കുന്നത്.

2006ല്‍ ഉദരരോഗം പിടിപെട്ട കാസ്‌ട്രോ മരണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു . 2006ലെ വിമാനയാത്രയ്ക്കിടയിലുണ്ടായ രോഗത്തിനുശേഷം കാസ്‌ട്രോ ‘പാതി മരിച്ച’ തായി അജ്ഞാതര്‍ യു.എസ് നയതന്ത്ര വിദഗ്ദര്‍ക്ക് വിവരം നല്‍കി. സ്പാനിഷ് ന്യൂസ് പേപ്പര്‍ എല്‍ പെയ്‌സ് പ്രസിദ്ധീകരിച്ച വിക്കിലീക്ക്‌സ് രേഖകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

രേഖകള്‍ ചോര്‍ത്തിനല്‍കിയതാരെന്ന് വിക്കിലീക്ക്‌സ് വിവരം നല്‍കിയിട്ടില്ലെങ്കിലും ക്യൂബന്‍ നേതാവുമായി അടുത്ത ബന്ധമുള്ള ആരോ ആണ് മെഡിക്കല്‍ റിപ്പോര്‍ട്ട് ചോര്‍ത്തിനല്‍കിയതെന്നാണ് സൂചന. 84 കാരനായ കാസ്‌ട്രോയുടെ ആരോഗ്യവിവരങ്ങള്‍ ക്യൂബ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്.

2006ജൂലൈയില്‍ കാസ്‌ട്രോ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആ സമയത്തെ ഹവാനയിലെ തലവനായിരുന്ന മൈക്കല്‍ പാംലി 2007 മാര്‍ച്ചില്‍ അമേരിക്കയിലേക്കയച്ച രേഖയില്‍ ഒരു അജ്ഞാത ഡോക്ടറില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ആ വിവരങ്ങള്‍ ഇങ്ങനെ

ഹോള്‍ഗ്വിനില്‍ നിന്നും ഹവാനയിലേക്കുള്ള വിമാനയാത്രയ്ക്കിടയിലാണ് കാസ്‌ട്രോയുടെ രോഗം തുടങ്ങിയത്. ചെറിയ യാത്രയായിരുന്നതിനാല്‍ വിമാനത്തില്‍ ഡോക്ടറുണ്ടായിരുന്നില്ല. കാസട്രോയുടെ അസുഖത്തെതുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്റ് ചെയ്യുകയായിരുന്നു. കാസ്‌ട്രോയ്ക്ക് വന്‍കുടലില്‍ പ്രശ്‌നങ്ങളുണ്ടെന്നും എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ആവശ്യമാണെന്നും ഇതില്‍ പറയുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് വിധേയനാവുന്നത് കാസ്‌ട്രോ എതിര്‍ത്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും ശസ്ത്രക്രിയ ആവശ്യമായി വരികയും ചെയ്തു. എങ്കിലും ഈ അസുഖം ചികിത്സിച്ച് ഭേദമാക്കന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കാസ്‌ട്രോ മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

പുറത്തായ കൂടുതല്‍ രേഖകള്‍ വ്യക്തമാക്കുന്നത് മെഡിക്കല്‍ ടീമിന്റെ അഭിപ്രായങ്ങളും ക്യൂബയിലേക്കു കൊണ്ടുവന്ന മരുന്നുകളുടെ വിവരങ്ങളുമാണ്. പക്ഷേ കാസ്‌ട്രോ മരണാസന്നനായി എന്ന ആദ്യറിപ്പോര്‍ട്ട് വലുതാക്കികാട്ടിയതാണെന്ന് ഈ റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.