മെല്‍ബണ്‍: അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെ (ഐ.സി.സി) നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് അസോസിയേഷനാണെന്ന് (ബി.സി.സി.ഐ) ഈയിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായി. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റിന്റെ തന്നെ നിയന്ത്രണം ബി.സി.സി.ഐ കൈയ്യാളുന്നു എന്ന ആരോപണത്തിന് പിന്‍ബലമേകുന്നതാണ് എഫ്.ഐ.സി.എ നടത്തിയ സര്‍വ്വേ.

ഐ.സി.സിയെ നിയന്ത്രിക്കുന്നത് ബി.സി.സി.ഐ തന്നെയാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം താരങ്ങളും സമ്മതിക്കുന്നു. എന്നാല്‍ ഇത് ഐ.സി.സിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുമെന്നും താരങ്ങള്‍ സമ്മതിക്കുന്നു. ഐ.പി.എല്ലിനായി ദേശീയടീമിനുവേണ്ടി കളിക്കുന്നത് മാറ്റിവെയ്ക്കാന്‍ തയ്യാറാണെന്നും സര്‍വ്വേയില്‍ പങ്കെടുത്ത നാല്‍പ്പതുശതമാനം പേരും വ്യക്തമാക്കിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ കളിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കാന്‍വരെ തയ്യാറാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പല താരങ്ങളും പറയുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയെ ബി.സി.സി.ഐ നിയന്ത്രിക്കുന്നത് അന്യായമല്ലേ എന്ന ചോദ്യത്തിന് 60 ശതമാനം പേരുടേയും ഉത്തരം അതേ എന്നായിരുന്നു.

ഇന്ത്യ, പാക്കിസ്ഥാന്‍, സിംബാബ്‌വെ ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്താതെയാണ് എഫ്.ഐ.സി.എ സര്‍വ്വേ നടത്തിയത്.