Categories

ലിബിയയില്‍ നിന്ന് ഇന്ത്യക്കാരുമായി നാലാം വിമാനമെത്തി

ന്യൂദല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ നിന്ന് ഇന്ത്യാക്കാരെയും വഹിച്ചു കൊണ്ടുള്ള നാലാമത്തെ വിമാനം ദല്‍ഹിയിലെത്തി. 331 പേരാണ് ഈ സംഘത്തിലുള്ളത്. ട്രിപ്പോളി വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി 8.30ന് തിരിച്ച വിമാനം ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസങ്ങള്‍ക്കിടെ നാട്ടിലേക്ക് തിരികെ വന്ന ഇന്ത്യാക്കാരുടെ എണ്ണം 1083 ആയി.

ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട മലയാളികളെ കേരള ഹൗസിലേക്ക് മാറ്റി. ലിബിയയിലെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ കേന്ദ്ര പ്രവാസകാര്യ മന്ത്രി വയലാര്‍ രവി വിമാനത്താവളത്തിലെത്തിയിരുന്നു. ലിബിയയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും രണ്ടാഴ്ചക്കകം നാട്ടിലെത്തിക്കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം എന്നു അദ്ദേഹം പറഞ്ഞു.

18,000ത്തോളം ഇന്ത്യക്കാരാണ് ലിബിയയില്‍ ഉണ്ടായിരുന്നത്. നാവിക സേനയുടെ കപ്പലുകളിലും ആളുകളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ടു ദിവസത്തിനകം 3000 പേരെ കപ്പലുകളില്‍ ഇവിടെ എത്തിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.



LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.