ന്യൂദല്‍ഹി: പ്രായാധിക്യവും അല്‍ഷിമേഴ്‌സ് രോഗവും സ്വബോധം നഷ്ടപ്പെട്ട മുന്‍ കേന്ദ്രമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായ ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഈ മാസം അഞ്ചിനകം കോടതിയില്‍ ഹാജരാക്കാണമെന്ന് ഭാര്യയോട് ദല്‍ഹി ഹൈക്കോടതി.

ദല്‍ഹിയില്‍ ഭാര്യ ലൈലയുടെ ഫ്‌ളാറ്റില്‍ കഴിയുന്ന ഫെര്‍ണാണ്ടസിനെ ചികില്‍സക്കായി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സഹോദരങ്ങളും ജയാ ജെയ്റ്റ്‌ലിയും നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. അഞ്ചിന് വൈകീട്ട് നാലിന് ഫെര്‍ണാണ്ടസിനെ ഹാജരാക്കാനാണ് ജസ്റ്റിസ് വി കെ ഷാലിയുടെ ഉത്തരവ്.

രണ്ടര പതിറ്റാണ്ടായി ഫെര്‍ണാണ്ടസുമായി അകന്ന് കഴിയുകയായിരുന്ന ഭാര്യ ലൈല ഏതാനും മാസം മുമ്പാണ് തിരിച്ചെത്തിയത്. അതുവരെ ഫെര്‍ണാണ്ടസിനൊപ്പമുണ്ടായിരുന്ന സമതാ പാര്‍ട്ടി മുന്‍പ്രസിഡന്റ് ജയാ ജെറ്റ്‌ലിയെ ഇറക്കിവിട്ട് ഔദ്യോഗിക വസതിയുടെ ഭരണം ഭാര്യയും മകനും പിടിച്ചെടുക്കുകയായിരുന്നു. ഇതോടെ കുടുംബ കലഹം രൂക്ഷമായി. അല്‍ഷിമേഴ്‌സ് ബാധിച്ച് ഓര്‍മ നശിച്ച 80 കാരനായ ഫെര്‍ണാണ്ടസിനെ ഔദ്യോഗിക വസതിയില്‍നിന്ന് സ്വന്തം ഫ്‌ളാറ്റിലേക്ക് ഭാര്യ ലൈല മാറ്റിയിരുന്നു.

സ്വബോധം നഷ്ടപ്പെട്ട ഫെര്‍ണാണ്ടസിനെ വേണ്ടവിധം പരിചരിക്കാതെ ഭാര്യ തടങ്കലിലാക്കിയിരിക്കുന്നു എന്നാണ് സഹോദരങ്ങളുടെ ആരോപണം. ഫെര്‍ണാണ്ടസിനെ ലൈലയുടെ വീട്ടില്‍ ചെന്നു കാണുന്നതിന് കോടതി ബന്ധുക്കളെ അനുവദിച്ചിട്ടുണ്ട്.