മൊഗാദിഷു: സോമാലിയന്‍ ആഭ്യന്തരമന്ത്രി അബ്ദി ഷാക്കുര്‍ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ മൊഗാദിഷുവിലെ വസതിയില്‍ വെച്ചായിരുന്നു ആക്രമണം. മന്ത്രിയുടെ ബന്ധുവും അല്‍ഷബാബ് ഭീകരസംഘടനയിലെ അംഗവുമായ വനിതാ ചാവേര്‍ അദ്ദേഹത്തിന്റെ മുറിക്കുള്ളിലെത്തിയശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.

മന്ത്രിവസതിയില്‍ സ്ഥിരംസന്ദര്‍ശകയായിരുന്ന ഈ സ്ത്രീയെ പലപ്പോഴും സുരക്ഷാപരിശോധനയ്ക്കു വിധേയയാക്കിയിരുന്നില്ല. ഈ പിഴവു മുതലെടുത്താണ് സ്‌ഫോടനം നടത്തിയതെന്ന് അധികൃതര്‍ പറയുന്നു.

പ്രസിഡന്റിന്റെയും പാര്‍ലമെന്റിനെയും ഭരണകാലാവധി നീട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മൊഗാദിഷുവില്‍ പ്രകടനം നടത്തിയവര്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉഗാണ്ടയില്‍വെച്ച് ധാരണയിലെത്തിയ കരാര്‍പ്രകാരം ഭരണകാലാവധി നീട്ടുന്നതിനോടൊപ്പം പ്രധാനമന്ത്രി അബ്ദുള്ളാഹി ഫര്‍മാജോയെ പുറത്താക്കാനുള്ള നീക്കംനടക്കുന്നതായുള്ള റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഫര്‍മാജോയുടെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.