കൊച്ചി:   സഹകരണ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ദ്ധന വിദ്യാര്‍ത്ഥികളെ വലയ്ക്കുന്നതായി റിപ്പോര്‍ട്ട്. സ്വാകാര്യ മെഡിക്കല്‍ കോളേജുകളെ വെല്ലുന്ന രീതിയിലാണ്‌ സഹകരണ മെഡിക്കല്‍ കോളേജുകളുടെ ഫീസ് വര്‍ദ്ധന. സര്‍ക്കാര്‍ സീറ്റുകളില്‍ 63,000 രൂപയും മാനേജ്‌മെന്റ് സീറ്റുകളില്‍ രണ്ട് ലക്ഷം രൂപയുമായാണ്  ഫീസ് കൂട്ടിയത്.

സ്വശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധന താങ്ങാനാവാത്തവര്‍ക്കുള്ള ഏക ആശ്രമായിരുന്നു സഹകരണ കോളേജുകള്‍. എന്നാല്‍ സഹകരണകോളേജിലെ ഈ ഫീസ് വര്‍ദ്ധന വിദ്യാര്‍ത്ഥികളെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

എന്‍.ആര്‍.ഐ സീറ്റില്‍ 9.5 ലക്ഷമാണ് ഫീസ് നിരക്ക്. കൊച്ചി, പരിയാരം സഹകരണ മെഡിക്കല്‍ കോളജുകളിലെ ഫീസാണ് കുത്തനെ ഉയര്‍ത്തിയത്. 50 ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ 87,000 രൂപയായിരുന്ന ഫീസ് 1.5 ലക്ഷമാക്കി ഉയര്‍ത്തി. 35 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ 4.45 ലക്ഷമായിരുന്നത് 6.5 ലക്ഷമാക്കി ഉയര്‍ത്തി.

സഹകരണ വകുപ്പിനും അതുവഴി സര്‍ക്കാരിനും നിയന്ത്രണമുള്ള കോളജുകളില്‍ യാതൊരു മാനദണ്ഡവും നോക്കാതെയുള്ള ഫീസ് വര്‍ദ്ധന, കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണല്‍ എഡ്യൂക്കേഷന്‍ മേഖലയെത്തന്നെ ഇല്ലാതാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.