ലണ്ടന്‍: റോജര്‍ ഫെഡറര്‍ എ.ടി.പി. വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിയില്‍ കടന്നു. സ്പാനിഷ് താരം ഡേവിഡ് ഫെററെ കീഴടക്കിയാണ് ഫെഡററര്‍ സെമി പ്രവേശനം ഉറപ്പിച്ചത്. സ്‌കോര്‍,  (6-4, 7-6).

Ads By Google

ഈ വര്‍ഷം ലോക രണ്ടാം നമ്പറായ ഫെഡററുടെ 70ാം ജയമായിരുന്നു ഫെറര്‍ക്കെതിരെയുള്ളത്. ഫോമിന്റെ ഉന്നതിയിലായിരുന്ന 2006ലാണ് മുമ്പ് ഫെഡറര്‍ ഈ നേട്ടം കൈവരിച്ചത്.

അനാവശ്യപ്പിഴവുകള്‍ ഏറെ വരുത്തിയെങ്കിലും നേരിട്ടുള്ള സെറ്റുകളില്‍ ജയം നേടി ഒരുമത്സരം ബാക്കിനില്‍ക്കേ, അവസാന നാലിലേക്ക് മുന്നേറാന്‍ സ്വിസ് മാസ്റ്റര്‍ക്കായി.

പാരീസ് മാസ്‌റ്റേഴ്‌സിലും വലന്‍സിയ ഓപ്പണിലും വിജയംകുറിച്ചെത്തിയ ഫെറര്‍ ഒരിക്കല്‍ക്കൂടി ഫെഡറര്‍ക്കുമുന്നില്‍ മുട്ട് മടക്കുകയായിരുന്നു.
അടുത്ത കളിയില്‍ യാങ്കൊ തിസ്പരേവിച്ചിനെ കീഴടക്കിയാല്‍ ഫെറര്‍ക്ക് സെമി സാധ്യതയുണ്ട്.

ഗ്രൂപ്പിലെ മറ്റൊരുതാരമായ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോര്‍ട്ടൊയെ ഫെഡറര്‍ കീഴടക്കുകയും വേണം. ഫെറര്‍ ആദ്യകളിയില്‍ ഡെല്‍ പോര്‍ട്ടൊയെ തോല്പിച്ചിരുന്നു. തിസ്പരേവിച്ചിനെ തോല്പിച്ച് ഡെല്‍ പോര്‍ട്ടോയും സാധ്യത നിലനിര്‍ത്തി(6-0, 6-4).