ലണ്ടന്‍: വിംബിള്‍ഡള്‍ ടെന്നീസ് ടൂര്‍ണ്ണമെന്റില്‍ നിന്നും മുന്‍ ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ സ്വിറ്റ്‌സര്‍ലണ്ടിന്റെ റോജര്‍ ഫെഡറര്‍ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗോയാണ് ഫെഡറര്‍ക്ക് അപ്രതീക്ഷിത തോല്‍വി സമ്മാനിച്ചത്. സ്‌കോര്‍: 3-6, 6-7, 6-4, 6-4, 6-4. ഇതാദ്യമായാണ് സോംഗോ വിംബിള്‍ഡണ്‍ സെമിയിലെത്തുന്നത്. ലോക രണ്ടാം നമ്പര്‍ താരം നുവാക് ജോക്കോവിച്ചാണ് സെമിയില്‍ സോംഗോയുടെ എതിരാളി.

ആറ് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ ഫെഡറര്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് വിംബിള്‍ഡണിന്റെ സെമി ഫൈനല്‍ കാണാതെ പുറത്താകുന്നത്. ഏഴ് കിരീടങ്ങള്‍ തേടി പീറ്റ് സാംപ്രസിന്റെ റെക്കോഡിനൊപ്പമെത്തുകയെന്ന സ്വിസ് താരത്തിന്റെ സ്വപ്‌നമാണ് സോംഗ ക്വാര്‍ട്ടറില്‍ തകര്‍ത്തത്. ആദ്യ സെറ്റ് നിഷ്പ്രയാസം നേടിയ ഫെഡറര്‍ക്കെതിരെ രണ്ടാം സെറ്റില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. രണ്ടാം സെറ്റ് ട്രൈബേക്കറില്‍ നേടി സെമിയിലേക്ക് മാര്‍ച്ച് ചെയ്യാനൊരുങ്ങിയ ഫെഡററെ ഞെട്ടിച്ചുകൊണ്ട് അടുത്ത മൂന്ന് സെറ്റുകളിലും വ്യക്തമായ മേധാവിത്വം നിലനിര്‍ത്തിയാണ് സോംഗ സെമി ഫൈനല്‍ ഉറപ്പിച്ചത്. അവസാന മൂന്ന് സെറ്റും 6-4 ന് നേടിയ സോംഗ കഴിഞ്ഞ അഞ്ച് തവണയും വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.