Administrator
Administrator
സേവന നികുതി: 23ന് സിനിമാ പണിമുടക്ക്
Administrator
Sunday 19th February 2012 10:26am

കൊച്ചി: സേവന നികുതി ചുമത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് മലയാള സിനിമാ സംഘടനകള്‍ ഈമാസം 23ന് രാജ്യവ്യാപകമായി പണിമുടക്കുന്നു.  അന്ന് ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയും തിയറ്ററുകള്‍ അടച്ചിടുകയും ചെയ്യുമെന്ന് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറി അനില്‍തോമസ് അറിയിച്ചു.

പണിമുടക്കിന്റെ ഭാഗമായി കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ 23ന് രാവിലെ 11ന് എറണാകുളം സരിത തിയറ്റര്‍ കോംപ്ലക്‌സിന് മുന്നില്‍ ധര്‍ണ നടത്തും.  ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, അമ്മ,  സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഫെഫ്ക്ക തുടങ്ങിയ സംഘടനകളും പണിമുടക്കിലും പ്രതിഷേധ യോഗത്തിലും പങ്കെടുക്കും. പ്രതിസന്ധിയിലായ മലയാള സിനിമാ വ്യവസായത്തിന് താങ്ങാവുന്നതിലധികമാണെന്ന് സേവനനികുതിയെന്ന് വിവിധ സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

പ്രശ്‌നത്തിലേക്കു ശ്രദ്ധക്ഷണിക്കല്‍ എന്ന നിലയിലാണു മുഴുവന്‍ സിനിമാപ്രവര്‍ത്തകരും ധര്‍ണ നടത്തുന്നതെന്ന്  കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. സിനിമാ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നത്തിനു രമ്യമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഒരു കോടി മുടക്കുന്ന ചിത്രം ലാഭമായാലും നഷ്ടമായാലും 10.33 ശതമാനം സേവന നികുതിയായി അടയ്‌ക്കേണ്ട സാഹചര്യമാണുള്ളത്. സംസ്ഥാന നികുതികള്‍ക്ക് പുറമെയാണിത്. ഇതേപ്പറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പണിമുടക്കില്‍ മറ്റ് സംസ്ഥാനങ്ങളിലും ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്‍മാരും പങ്കെടുക്കുന്ന ധര്‍ണ നടക്കുമെന്ന് സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

Advertisement