ഇസ്‌ലാമാബാദ്: ബോളിവുഡ് ചിത്രം തേര ബിന്‍ ലാദന് പാകിസ്താനില്‍ പ്രദര്‍ശനാനുമതി ലഭിച്ചില്ല. ഭീകരാക്രമണ ഭീതികൊണ്ടാണ് തേരെ ബിന്‍ ലാദന് അനുവാദം നല്‍കാത്തതെന്നാണ് റിപ്പോര്‍ട്ട്.

നാളെയാണ് ചിത്രം ലോകത്താകെ റിലാസ് ചെയ്യുന്നത്. അല്‍ഖൊയ്ദ നേതാവ് ഒസാമ ബിന്‍ ലാദനാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമെന്നതാണ് പാകിസ്താന്‍ സെന്‍സര്‍ ബോര്‍ഡിനെ കുഴക്കുന്ന കാര്യം.
ഇന്നത്തെ സാഹചര്യത്തില്‍ ഈ ചിത്രം പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കുന്നത് ആലോചിക്കാനേ പറ്റില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ മസൂദ് ഇലാഹി വ്യക്തമാക്കി.

പാകിസ്താനി പോപ്പ് ഗായകനായ അലി സഫര്‍ അലിയാണ് ചിത്രത്തിലെ നായകന്‍. ബോളിവുഡില്‍ അരങ്ങേറ്റം നടത്തുകയാണ് അലി ഈ ചിത്രത്തിലൂടെ. അഭിഷേക് ശര്‍മ എന്ന ജേണലിസ്റ്റിനെയാണ് അലി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അല്‍ഖൊയ്ദയുടെയും മറ്റു തീവ്രവാദ സംഘടനകളുടെയും അക്രമം ഭയന്ന് തേരെ ബിന്‍ എന്ന പേരില്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു വിതരണക്കാരുടെ പദ്ധതി. പാകിസ്താനില്‍ വളരെയധികം ആരാധകരുള്ള ഗായകനാണ് സഫര്‍. സെന്‍സര്‍ ബോര്‍ഡിന്റെ നടപടിയില്‍ സഫര്‍ നിരശനാണ്. ചിത്രത്തില്‍ വിവാദമാക്കേണ്ടതായ ഒന്നുമില്ലെന്ന സഫര്‍ ആവര്‍ത്തിക്കുമ്പോഴും എന്തൊക്കെ പ്രത്യാഘാതങ്ങളാണ് വരാനിരിക്കുന്നതെന്നു കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

സഫറിന്റെ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ട് കരണ്‍ ജോഹറും സല്‍മാന്‍ഖാനും രംഗത്തു വന്നിരുന്നു.