കോഴിക്കോട്: പീഡനം ഭയന്ന് ഓട്ടോയില്‍ നിന്നും ചാടിയ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കുരുവട്ടൂര്‍ സ്വദേശിനി മുപ്പത്തെട്ടുകാരിയായ യുവതിയെയാണ് ഓട്ടോറിക്ഷാ ഡ്രൈവറെ ഭയന്ന് ഓട്ടോയില്‍ നിന്നും പുറത്തേക്ക് ചാടിയത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. കുന്നമംഗലം പത്താം മൈലില്‍ നിന്നും കുരുവട്ടൂരിലെ വീട്ടിലേക്ക് പോകാനായാണ് യുവതി ഓട്ടോയില്‍ കയറിയത്. ഓട്ടോ ഡ്രൈവറുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കത്തതിനെതുടര്‍ന്ന് ഇവര്‍ ഓട്ടോയില്‍ നിന്നും പുറത്തേക്ക് എടുത്തു ചാടി.

ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണ്. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. കുന്നമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.