ന്യൂദല്‍ഹി: രാജ്യം നേരിടുന്ന പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്താനായി ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം കൊണ്ടുവരണമെന്ന് കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം. വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി മാര്‍ഗ്ഗങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച സാമ്പത്തിക വിദഗ്ധരുടെ സമിതിയാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.

ഇതാദ്യമായിട്ടാണ് ചില്ലറവില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം ആവശ്യമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച എതെങ്കിലുമൊരു സമിതി ആവശ്യപ്പെടുന്നത്. രാജ്യത്തെ കുതിക്കുന്ന പണപ്പെരുപ്പം തടയാന്‍ ഏറ്റവും ഫലപ്രദമായ നടപടിയാണിതെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവും സമിതിയുടെ ചെയര്‍മാനുമായ കൗശിക് ബസു പറഞ്ഞു.

സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടനേ പരിഗണിക്കണമെന്നും ബസു ആവശ്യപ്പെട്ടു. നിലവില്‍ സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്ല്‍ വിപണിയില്‍ 51 ശതമാനം വിദേശനിക്ഷേപവും ഹോള്‍സെയില്‍ കാഷ്-കാരി മേഖലയില്‍ 100 ശതമാനവും വിദേശനിക്ഷേപം അനുവദിക്കുന്നുണ്ട്. എന്നാല്‍ ചില്ലറ വില്‍പ്പന മേഖലയില്‍ കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നത് പ്രതിപക്ഷത്തിന്റേയും വ്യാപാരികളുടേയും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് കേന്ദ്രം കരുതുന്നത്.

കാര്‍ഷികോല്‍പ്പന്നങ്ങള്‍ മൊത്തമായി ശേഖരിച്ച് നേരിട്ട വിപണിയിലെത്തിക്കുന്നത് ഭക്ഷ്യവിതരണത്തിലും കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നതിനും സഹായിക്കുമെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. എന്നാല്‍ വാള്‍മാര്‍ട്ട് പോലുള്ള കുത്തുകശക്തികളെ ചില്ലറവില്‍പ്പന മേഖലയിലേക്കു കൂടി ക്ഷണിക്കുന്നത് കാര്‍ഷികമേഖലയെ ഹൈജാക്ക് ചെയ്യുന്നതിനേ സഹായിക്കൂ എന്നും എതിരഭിപ്രായമുണ്ട്.