ന്യൂ ദല്‍ഹി: ഇന്ധന വില വിവാദത്തിന് പിറകെ ചില്ലറവ്യാപാര രംഗത്ത് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഉദാരസമീപനവുമായി മുന്നോട്ട്. സഖ്യകക്ഷികളുടെ തന്നെ കടുത്ത എതിര്‍പ്പുമൂലം മാറ്റിവെച്ച വിവാദ നയങ്ങളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നീക്കം. ചില്ലറവ്യാപാരത്തില്‍ 51 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. ചില്ലറവ്യാപാരത്തിന് പുറമെ വ്യോമയാനമേഖലയില്‍ 49 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിനും അഞ്ച് പൊതുമേഖലാസ്ഥാപനങ്ങളിലെ ഓഹരി വിറ്റഴിക്കാനും തീരുമാനിച്ചു.

Ads By Google

ചില്ലറ വ്യാപാരമേഖലയില്‍ നിക്ഷേപം കൊണ്ടുവരുന്നതില്‍ സഖ്യകക്ഷികള്‍ക്കിടയിലും സംസ്ഥാന സര്‍ക്കള്‍ക്കിടയിലും സമവായ മുണ്ടാക്കായിട്ടില്ല. എന്നാല്‍ വിദേശനിക്ഷേപത്തെ എതിര്‍ക്കാത്ത സംസ്ഥാനങ്ങളില്‍ അതിനുള്ള സൗകര്യം ഒരുക്കുമെന്ന് ആനന്ദ് ശര്‍മ്മ പറഞ്ഞു. വിദേശ കമ്പനികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ മറ്റുള്ളവര്‍ എതിര്‍ക്കേണ്ടതില്ല.

കേരളം, ബിഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, ത്രിപുര, ഒഡിഷ, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ചില്ലറവ്യാപാരത്തില്‍ എതിര്‍പ്പുള്ളത്. വിദേശനിക്ഷേപത്തില്‍ എതിര്‍പ്പുള്ള സംസ്ഥാനങ്ങള്‍ സ്വന്തം സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ മതി. വ്യവസ്ഥകളോടെ ചില്ലറവ്യാപാരത്തില്‍ 100 ശതമാനം ഓഹരി നേരത്തെ അനുവദിച്ചിട്ടുള്ളതുമാണ്.

ആഭ്യന്തര വ്യവസായം പ്രോത്സാഹിപ്പിക്കാനുതകുന്ന വ്യവസ്ഥകളോടെയാണ് ചില്ലറവ്യാപാരത്തില്‍ ഓഹരി അനുവദിച്ചിട്ടുള്ളതെന്ന് വാണിജ്യമന്ത്രി പറഞ്ഞു. രണ്ടു വിഭാഗങ്ങളിലും 30 ശതമാനം ഉല്‍പന്നങ്ങള്‍ രാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍നിന്ന് വാങ്ങണമെന്ന വ്യവസ്ഥ വെച്ചിട്ടുണ്ട്. ചുരുങ്ങിയത് 10 ലക്ഷം ഡോളറാണ് മള്‍ട്ടിബ്രാന്‍ഡ് ചില്ലറവ്യാപാരത്തില്‍ വിദേശ വ്യവസായികള്‍ നടത്തേണ്ട വിദേശനിക്ഷേപം.

നഗരങ്ങളില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം ജനസംഖ്യയുണ്ടെങ്കില്‍ മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളെ കച്ചവടം ചെയ്യാന്‍ അനുവദിക്കുകയുള്ളൂ. അങ്ങനെയല്ലാത്ത പ്രദേശങ്ങള്‍ക്ക് ഇളവുകളോടു കൂടി കടകള്‍ തുടങ്ങാനുള്ള സൗകര്യവും സര്‍ക്കാര്‍ ചെയ്തു കൊടുക്കുമെന്ന് വാണിജ്യമന്ത്രി പറഞ്ഞു. കുത്തക നിക്ഷേപത്തിന്റെ പകുതി ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നീക്കിവെക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സഖ്യകക്ഷികള്‍ക്കിടയില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരവിപ്പിച്ച് നിര്‍ത്തിയിരുന്ന അഞ്ച് സ്ഥാപനങ്ങളുടെ ഓഹരികള്‍ വേഗത്തില്‍ തന്നെ വിറ്റഴിക്കും. നാഷനല്‍ അലൂമിനിയം കമ്പനി 12.5 ശതമാനം, ഓയില്‍ ഇന്ത്യ 10 ശതമാനം, റെയില്‍വേക്ക് കീഴിലെ റൈറ്റ്‌സ് 10 ശതമാനം, ഹിന്ദുസ്ഥാന്‍ കോപ്പര്‍ 9.5 ശതമാനം, എം.എം.ടി.സി 9.33 ശതമാനം എന്നീ ക്രമത്തിലാണ് ഓഹരി വില്‍ക്കുന്നത്.

നാല്‍പത്തൊമ്പത് ശതമാനമാനം ഓഹരി വിമാനക്കമ്പനികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ഊര്‍ജ വ്യാപാര മേഖലയിലും 49 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപം നടത്തുന്നതിന് അനുവാദം നല്‍കിയിട്ടുമുണ്ട്. ബ്രോഡ്കാസ്റ്റിങ് വ്യവസായത്തില്‍ പ്രത്യക്ഷ വിദേശനിക്ഷേപം ഏകീകരിച്ചു. പരിധി 49 ശതമാനത്തില്‍നിന്ന് 74 ശതമാനം വരെയാക്കി പുനര്‍ നിശ്ചയിച്ചിട്ടുമുണ്ട്.

സഖ്യകക്ഷികള്‍ക്കിടയില്‍ തന്നെ കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തുമാസങ്ങള്‍ക്കിടെ പൊതുജനാഭിപ്രായം തേടിയശേഷമാണ് തീരുമാനമെടുത്തതെന്ന് വാണിജ്യകാര്യമന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കി. തൃണമൂല്‍ ഉള്‍പ്പെടെയുള്ള യു.പി.എ. ഘടകകക്ഷികളുടെ എതിര്‍പ്പുകാരണം കഴിഞ്ഞ നവംബറില്‍ എടുത്ത ഈ തീരുമാനം മരവിപ്പിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനം ഉടനടി നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വന്നയുടനെ പിന്തുണ പിന്‍വലിക്കുമെന്ന് മമത ബാനര്‍ജി ഭീഷണി മുഴക്കിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം (72 മണിക്കൂര്‍) പിന്‍വലിക്കണമെന്നാണ് മമത ആവശ്യപ്പെട്ടത്. മന്ത്രിസഭാ യോഗത്തില്‍ തൃണമൂലിന്റെ ഏക കാബിനറ്റ് മന്ത്രി മുകുള്‍ റോയ് പങ്കെടുത്തിരുന്നില്ല.