ന്യൂദല്‍ഹി: ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമെന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സി.ഇ.ഒ കിഷോര്‍ ബിയാനി. ആവശ്യത്തിന് മൂലധനം ലഭ്യമാക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നത്തെക്കാലത്ത് ചില്ലറ വ്യാപാര മേഖല ചിലവേറിയ ബിസിനസാണ്. വിതരണ ശൃംഖലയും സ്റ്റോറുകളും മറ്റ് സജ്ജീകരണങ്ങളുമെല്ലാം ഉണ്ടാക്കിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

Subscribe Us:

‘ബിസിനസ് ഉണ്ടാക്കിയെടുക്കാനുള്ള മൂലധനത്തിന്റെ കുറവാണ് ഇന്ന് ഞങ്ങള്‍ നേരിടുന്നത്. മൂലധനം നമുക്കാവശ്യമാണ്. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമുക്കെല്ലാം മൂലധനം ആവശ്യമാണ്. ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം വരികയാണെങ്കില്‍ അത് സ്വാഗതം ചെയ്യേണ്ട നീക്കമാണ്.’ അദ്ദേഹം പറഞ്ഞു.

ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം എന്ന വിഷയത്തെക്കുറിച്ച് രാജ്യത്ത് നിരവധി ചര്‍ച്ച നടക്കുകയാണ്. മള്‍ട്ടി ബ്രാന്റ് റീട്ടെയ്ല്‍ എന്ന വാക്ക് ഉപയോഗിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചില്ലറ വ്യാപാരമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷത്തിന്റെയും യു.പി.എ ഘടകകക്ഷികളുടെയും എതിര്‍പ്പ് കാരണം ഇത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. സമവായമുണ്ടാക്കിയശേഷം പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.