Administrator
Administrator
വിദേശ നിക്ഷേപം: തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചെന്ന് മമത
Administrator
Sunday 4th December 2011 7:37am

ന്യൂദല്‍ഹി: എട്ട് ദിവസം നീണ്ട പാര്‍ലമെന്റ് സ്തംഭനത്തിനൊടുവില്‍ ചില്ലറമേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട്‌പോകുന്നു. യു.പി.എ. ഘടകകക്ഷികളുടെയും പ്രതിപക്ഷത്തിന്റെയും സമ്മര്‍ദങ്ങള്‍ക്കും പ്രതിഷേധത്തിനും വഴങ്ങി ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു.

തീരുമാനം നിര്‍ത്തിവെച്ചതായി ധനമന്ത്രി പ്രണബ് മുഖര്‍ജിതന്നെ അറിയിച്ചതായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. പ്രണബ് മുഖര്‍ജി ഫോണിലൂടെയാണ് തന്നെ ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനം താല്‍ക്കാലികമാണോയെന്ന് താന്‍ പ്രണബ് മുഖര്‍ജിയോട് ചോദിച്ചപ്പോള്‍ സഖ്യകക്ഷികള്‍ക്കിടയില്‍ സമവായമുണ്ടാവുന്നതുവരെ സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകില്ലെന്ന് പറഞ്ഞതായും മമത വ്യക്തമാക്കി. ഇക്കാര്യം പ്രണബ് മുഖര്‍ജിയോട് ചോദിച്ച് നിങ്ങള്‍ക്ക് സ്ഥിരീകരിക്കാമെന്നും മമത പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ലമെന്റില്‍ മാത്രമേ പ്രഖ്യാപിക്കൂവെന്നാണ് പ്രണബ് മുഖര്‍ജി പറയുന്നത്.

വിദേശ നിക്ഷേപം സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഔദ്യോഗികമായി അറിയിക്കണമെന്ന് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും ഇടതുപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്. മമതയെ ധനമന്ത്രി സ്വകാര്യമായി അറിയിച്ചകാര്യമാണ് അവര്‍ പറഞ്ഞത്. ഇത് ധനമന്ത്രിയോ, മന്‍മോഹന്‍ സിങ്ങോ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ തങ്ങള്‍ ഈ വാര്‍ത്തയോട് പ്രതികരിക്കില്ലെന്ന് ബി.ജെ.പി വക്താവ് രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

എന്നാല്‍, വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സ്വീകരിക്കുന്ന എല്ലാ നടപടികളും സ്വാഗതംചെയ്യുന്നുവെന്ന് എ.ഐ.സി.സി. ജനറല്‍സെക്രട്ടറി ജനാര്‍ദനന്‍ ദ്വിവേദി പറഞ്ഞു.

Malayalam news

Kerala news in English

Advertisement