ലണ്ടന്‍: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ട റൂപ്പര്‍ട്ട് മര്‍ഡോക്ക് ബ്രിട്ടണിലെ തന്റെ ഉടമസ്ഥതയിലുള്ള മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബ്രിട്ടീഷ് സര്‍ക്കാര്‍ മര്‍ഡോക്കിനെതിരെ കടുത്ത നടപടികളുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പരസ്യ രംഗത്തുള്‍പ്പെടെയുണ്ടാകുന്ന പ്രതിസന്ധികളാണ് അടച്ചുപൂട്ടലിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സണ്‍, ദി ടൈംസ്, സണ്‍ഡേ ടൈംസ് എന്നിവയാണ് മര്‍ഡോക്കിന്റെ ഉടമസ്ഥതയില്‍ ബ്രിട്ടണില്‍ പുറത്തിറങ്ങുന്ന പത്രങ്ങള്‍.

Subscribe Us:

മര്‍ഡോക്കിന്റെത് തന്ത്രപരമായ നീക്കമാണെന്ന് ചൂണ്ടിക്കാണിക്കുന്നവരുണ്ട്. സ്ഥാപനങ്ങള്‍ അടച്ച് പ്രതിഷേധം തണുപ്പിക്കുകയും പിന്നീട് ബിനാമികളെ വെച്ച് സ്ഥാപനം കൈക്കലാക്കുകയുമാണ് മര്‍ഡോക്കിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം റൂപര്‍ട്ട് മര്‍ഡോക്കും മകന്‍ ജയിംസ് മര്‍ഡോകും ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ ഹാജരാകും. ബ്രിട്ടീഷ് പൊതുസഭയുടെ മാധ്യമ സമിതിക്ക് മുന്നിലാണ് ഇരുവരും ഹാജരാവുക. അടുത്തയാഴ്ച ഹാജരാകാനാണ് ഇരുവരോടും നിര്‍ദ്ദേശിച്ചത്. ന്യൂസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യുട്ടീവ് റബേക്കാ ബ്രൂക്ക്‌സ് സമിതിക്ക് മുന്നില്‍ ഹാജരാകാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് ന്യൂസ് ഇന്റര്‍നാഷണല്‍ എഡിറ്റോറിയല്‍ അംഗം നെയില്‍ വാലിസിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇതോടെ ഒമ്പത് ആയി. ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ തുടര്‍ന്ന് മര്‍ഡോകിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് ഓഫ് ദി വേള്‍ഡ് ടാബ്ലോയിഡ് കഴിഞ്ഞയാഴ്ച അടച്ചു പൂട്ടിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ചാനലായ ബ്രിട്ടീഷ് സര്‍വ്വീസ് ബ്രോഡ്കാസ്റ്റര്‍ ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് മര്‍ഡോക് പിന്‍മാറുകയും ചെയ്തു. ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാനിരിക്കെയായിരുന്നു നാടകീയമായി ഏറ്റെടുക്കല്‍ നീക്കം മര്‍ഡോക് ഉപേക്ഷിച്ചത്. നിലവില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ സര്‍വ്വീസില്‍ 39 ശതമാനം ഓഹരിയുള്ള മര്‍ഡോക്, ചാനലിന്റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കാനിയിരുന്നു ശ്രമിച്ചത്.

അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനിരയായവരുടെ ബന്ധുക്കളുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തെക്കുറിച്ച് എഫ്.ബി.ഐ അന്വേഷണത്തിന് തീരുമാനമായിട്ടുണ്ട്.