എഡിറ്റര്‍
എഡിറ്റര്‍
ഗുരുദ്വാര ആക്രമണം: ഭീകരസംഘടനയ്ക്ക് പങ്കില്ലെന്ന് എഫ്.ബി.ഐ
എഡിറ്റര്‍
Thursday 9th August 2012 10:50am

വാഷിങ്ടണ്‍: അമേരിക്കയിലെ ഓക് ക്രീക്കിലുള്ള സിഖ് ഗുരുദ്വാരയില്‍ അതിക്രമിച്ചു കയറി വെടിയുതിര്‍ത്തത് അക്രമി ഒറ്റയ്ക്കാണെന്ന് എഫ്.ബി.ഐ റിപ്പോര്‍ട്ട്. അക്രമത്തില്‍ ഒരു ഭീകര സംഘടനകള്‍ക്കും പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads By Google

വെടിവെപ്പ് നടത്താനുള്ള ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടില്ല. മൈക്കേല്‍ തന്നെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൈക്കേലിന് നവനാസി സംഘടനകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ച് വരുന്നതായും അവര്‍ പറഞ്ഞു.

വെടിവെപ്പില്‍ മരിച്ച ആറുപേരില്‍ നാലുപേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ അടുത്തിടെ ഇന്ത്യയില്‍നിന്ന് അമേരിക്ക സന്ദര്‍ശിക്കാനെത്തിയയാളാണെന്നും അധികൃതര്‍ പറഞ്ഞു.

ഗുരുദ്വാര പ്രസിഡന്റ് സത്‌വന്ത്‌സിങ് കലേക (62) സിതാ സിങ് (41), രഞ്ജീത് സിങ് (49), പ്രകാശ് സിങ്(39), ഷൊബെയ്ക് സിങ്(84) എന്നിവരും പരംജീത് കൗര്‍ (41) എന്ന സ്ത്രീയുമാണ് വെടിയേറ്റ് മരിച്ചതെന്ന് അമേരിക്കയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

ഇതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ ഫോണില്‍ വിളിച്ച് അക്രമസംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഓക് ക്രീക്കിലുള്ള ഗുരുദ്വാരയില്‍ ഞായറാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ സിഖ് മതവിശ്വാസികള്‍ക്ക് നേരേയായിരുന്നു വെടിവെപ്പ് ഉണ്ടായത്.

വംശവെറിയന്മാരായ വെള്ളക്കാര്‍ നടത്തിയിരുന്ന റോക്ക് ബാന്‍ഡുകളിലെ കലാകാരനായിരുന്നു മൈക്കേലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്‍ഡ് അപതി എന്നു പേരുള്ള വെള്ളക്കാരുടെ റോക് ബാന്‍ഡിന്റെ മുന്‍നിര പ്രവര്‍ത്തകനായിരുന്നു മൈക്കേലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1992ല്‍ യു.എസ്. സൈന്യത്തില്‍ ചേര്‍ന്ന മൈക്കേല്‍ മിസൈല്‍ വിഭാഗത്തില്‍ മെക്കാനിക് ആയിരുന്നു. പിന്നീട് സൈക്കോളജി ഓപ്പറേഷന്‍സ് മേഖലയിലേക്ക് മാറ്റിയ മൈക്കേലിനെ പെരുമാറ്റ ദൂഷ്യത്തെത്തുടര്‍ന്ന് പുറത്താക്കി.

Advertisement