വാഷിംഗ്ടണ്‍: വിവിധ സംഘടനകള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ക്കും നേരെ സൈബര്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ 21 പേരെ വിവിധ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്തു. നെതര്‍ലന്‍ഡ്‌സില്‍നിന്നു നാലുപേരെയും ബ്രിട്ടനില്‍ നിന്നു ഒരാളെയുമാണ് അന്വേഷണ ഏജന്‍സികള്‍ അറസ്റ്റു ചെയ്തത്.

യുഎസിലെ 35 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തിയത്. അമേരിക്ക, ബ്രിട്ടന്‍, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റുണ്ടായത്.

പേപാല്‍ പോലുള്ള ഓണ്‍ലൈന്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടായ സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റു ചെയ്തതായി അമേരിക്കന്‍ ഏജന്‍സിയായ എഫ്ബിഐ അറിയിച്ചു.

കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയാല്‍ ഇവര്‍ക്ക് രണ്ടര ലക്ഷം ഡോളര്‍ പിഴയും അഞ്ചു വര്‍ഷം തടവും അനുഭവിക്കേണ്ടിവരും.