പത്രപ്രവര്‍ത്തനത്തിലെ അപകടകരമായ പ്രവണതയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഡി.എന്‍.എ പത്രം. ജൂണ്‍ അഞ്ചിന് പുറത്തിറങ്ങിയ പത്രത്തില്‍ ഒരു സ്പോര്‍ട്സ് പേജ് വാര്‍ത്തകളൊന്നുമില്ലാതെ അവര്‍ ഒഴിച്ചിട്ടു. ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ കാടന്‍ നടപടി. മാതൃരാജ്യത്തെ സംരക്ഷിക്കാനായി അതിര്‍ത്തിയില്‍ കാവല്‍ നില്ക്കുന്ന പട്ടാളക്കാര്‍ക്ക് സമര്‍പ്പിക്കുകയാണ് ഈ പേജെന്നാണ് പത്രത്തിന്റെ പ്രഖ്യാപനം. ക്രിക്കറ്റും ഭീകരതയും ഒന്നിച്ചു പോവില്ലെന്നും പത്രം പ്രഖ്യാപിക്കുന്നു.
Also Read: ട്രംപും അല്‍ സഊദും; തുടരുന്ന സഖ്യങ്ങള്‍
ഒരു കായിക മത്സരത്തെ ശത്രുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായി കണ്ടിരിക്കുകയാണ് പത്രം. ഇന്ത്യയിലെ പട്ടാളക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച് ക്രിക്കറ്റ് മത്സരത്തിന്റെ വാര്‍ത്ത നല്‍കാതെ സ്വന്തം വായനക്കാരില്‍ പാക് വിരുദ്ധ മനോഭാവം സൃഷ്ടിച്ചിരിക്കുകയാണ് ഡി.എന്‍.എ എന്ന മാധ്യമസ്ഥാപനം.
ജനാധിപത്യത്തിന്റെ തൂണുകളിലൊന്നാണല്ലോ ഇന്ത്യയില്‍ മാധ്യമരംഗം. എന്നാല്‍, ജനാധിപത്യത്തില്‍ സംവാദങ്ങളുടെ സാധ്യതയടച്ച് തമ്മിലടിയുടെ ശത്രുവികാരം സൃഷ്ടിച്ചിരിക്കുകയാണ് പത്രം. സംഘപരിവാര്‍ താല്പര്യങ്ങള്ക്ക് അനുകൂലമായി ഇന്ത്യന്‍ മാധ്യമരംഗം തുരുമ്പു പിടിച്ചു തുടങ്ങിയതിന്റെ ലക്ഷമാണ് ഡി.എന്‍.എയുടെ ഈ വൃത്തികേടെന്ന് പറയാതെ വയ്യ!