എഡിറ്റര്‍
എഡിറ്റര്‍
സമരം ചെയ്യുന്ന വലിയ ചേട്ടന്‍മാരേ.. സ്‌കൂട്ടാവല്ലേ നിങ്ങളുടെ പണി തീര്‍ന്നിട്ടില്ല
എഡിറ്റര്‍
Wednesday 8th February 2017 4:56pm

HAREESH

ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ നിയമനം പോലത്തെ ആഭ്യന്തര കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടുന്നതിന് പരിമിതിയുണ്ട്. മാനേജ്‌മെന്റ് ഉറപ്പുലംഘിച്ചാല് സര്‍ക്കാര്‍ ഇടപെടുമെന്നാണ് മന്ത്രി ഒപ്പിട്ട രേഖയില്‍ പറയുന്നത്.എന്തിടപെടുമെന്നാണ്? എന്തധികാരം?

എന്നാല്‍,അത്തരം പരിമിതിയില്ലാത്ത ഒന്നാണ് ജാതിപ്പേര് വിളിച്ച കേസും അഫിലിയേഷനും. അധികാരമുള്ളതില്‍ അനങ്ങാപ്പാറനയം സ്വീകരിക്കുകയും, അധികാരമില്ലാത്ത ഇടങ്ങളിലെ കരാറുകളില്‍, ‘സര്‍ക്കാര്‍ ഇടപെടും’ എന്നെഴുതി വെയ്ക്കുകയും അതില്‍ മന്ത്രിതന്നെ തുല്യം ചാര്‍ത്തുകയും ചെയ്യുന്നതില്‍ ഒരു സര്‍ക്കാരിന് അനല്പമല്ലാത്ത തൊലിക്കട്ടി വേണം.

സമരക്കാരോട്, അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ പൊതുസമ്മിതി കിട്ടിയ ഒരു വിദ്യാര്‍ത്ഥി സമരമാണിത്. ആ പൊതുസമ്മിതി വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ/അവകാശ പ്രശ്‌നങ്ങളോട് പൂര്‍ണ്ണമായി ഐകദാര്‍ഢ്യം പ്രഖ്യാപിച്ചാണ് എന്ന തെറ്റിധാരണ എനിക്കില്ല. മറിച്ച്, ലക്ഷ്മിനായരെന്ന ‘ഒരു സ്ത്രീ’ കാണിക്കുന്ന നെഗളിപ്പിനെതിരെ പ്രതികരിക്കുന്നവരോടുള്ള പുരുഷമേധാവിത്വ സമൂഹത്തിന്റെ പിന്തുണയായി കൂടി കണ്ടാല്‍ മതി.


Read more: ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്; അധികാരങ്ങള്‍ എടുത്തു മാറ്റി; സുപ്രീംകോടതിയുടെ നടപടി ചരിത്രത്തിലാദ്യമായി


ഈ ഉറപ്പുകള്‍ ലംഘിക്കപ്പെട്ടേക്കും, അതാണ് ലോ അക്കാദമി മാനേജ്‌മെന്റിന്റെ പാരമ്പര്യം. എസ്.എഫ്.ഐയ്ക്ക് കൊടുത്ത ഉറപ്പില്‍നിന്ന് 4 ദിവസം കൊണ്ട് മലക്കംമറിഞ്ഞ ഒരു മാനേജ്‌മെന്റിന് ആ ധാര്‍ഷ്ട്യത്തിനുള്ള പിന്തുണ സാക്ഷാല്‍ മുഖ്യമന്ത്രിയില്‍ നിന്നാണ് കിട്ടുന്നത് എന്നുമനസിലാക്കാന്‍.വലിയ ബുദ്ധിയൊന്നും വേണ്ട. അവര്‍ ഉറപ്പുകള്‍ ലംഘിയ്ക്കട്ടെ. അപ്പോള്‍ സമരം പുനരാരംഭിയ്ക്കാം. സമരത്തില്‍ നിന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും, പാര്‍ട്ടി ഭേദമന്യേ അഭിവാദ്യങ്ങള്‍.

ഇതുകണ്ട് സമരം മതിയാക്കി പോകാന്‍ ശ്രമിക്കുന്ന മുതിര്‍ന്ന പാര്‍ട്ടിക്കാരോട്, ചേട്ടാ ചേട്ടന്റെ പണി തീര്‍ന്നിട്ടില്ല. ഭൂമി,ജാതിപ്പേര് കേസ്,അഫിലിയേഷന്‍,വ്യാജബിരുദം, ട്രസ്‌റ് ഉടമസ്ഥത തുടങ്ങി നിങ്ങള്‍ അലക്കിയിട്ട കുറെ വിഷയങ്ങളുണ്ട് പൊതുമണ്ഡലത്തില്‍. അതിനു സമാധാനം ഉണ്ടാക്കിയിട്ട് പോയാല്‍ മതി. അല്ലെങ്കില്‍ അത് ഒത്തുതീര്‍പ്പാക്കി എന്ന് സമ്മതിക്കണം.

Advertisement